തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; ദുരിതത്തിലായി രോഗികൾ
text_fieldsതിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ വൈദ്യുതി മുടങ്ങി. മണിക്കൂറുകളോളം രോഗികൾ ദുരിതത്തിലായി. ചൊവാഴ്ച രാവിലെയാണ് വൈദ്യുതി മുടങ്ങിയത്. വിവിധ വാർഡുകളിൽ കിടത്തി ചികിത്സയിലുള്ള രോഗികളും കൂട്ടിരിപ്പുകാരുമാണ് ഇതോടെ പ്രയാസത്തിലായത്.
ഫാൻ പ്രവർത്തിക്കാത്തതോടെ ചൂട് കൂടി വയോധികരടക്കം ആളുകൾ വാർഡുകളിൽനിന്നും പുറത്തിറങ്ങി. വൈകീട്ട് നാലോടെയാണ് പിന്നീട് ആശുപത്രിയിൽ വിളക്ക് കത്തിയത്. താലൂക്ക് ആശുപത്രിയിൽ മൂന്ന് ജനറേറ്ററുകളാണ് നിലവിലുള്ളത്. ഇവയിൽ ഒന്ന് കേടായിട്ട് രണ്ടു വർഷത്തോളമായി. മറ്റൊന്ന് ഡയാലിസിസ് സെന്ററിൽ മാത്രമാണ് ഉപയോഗിക്കുന്നത്. ശേഷിക്കുന്നവ ഉപയോഗിച്ചാണ് വൈദ്യുതി നിലക്കുന്ന സമയങ്ങളിൽ പ്രശ്നം പരിഹരിച്ചിരുന്നത്. കേടായ ജനറേറ്ററിന് പത്തുവർഷത്തെ പഴക്കമേ ഉള്ളൂ. ഇടക്കിടെ ഇത് തകരാറിലാകാറുണ്ടെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
താലൂക്ക് ആശുപത്രിയിൽ പുതിയ ജനറേറ്റർ സ്ഥാപിക്കുന്നതിന് നഗരസഭ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ടെൻഡർ സംബന്ധിച്ച് ഭരണസമിതിയും സെക്രട്ടറിയും രണ്ടുതട്ടിലാണ്. ഈ വിഷയത്തിൽ വിവാദം കത്തിനിൽക്കുകയാണ്. വിവിധ രാഷ്ട്രീയ സംഘടനകൾ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഓപറേഷൻ തിയേറ്റർ സജീവമാകുന്ന സമയങ്ങളിൽ ലോഡ് താങ്ങാൻ സാധിക്കാത്തതിനാൽ ജനറേറ്ററിൽനിന്നും മുഴുവൻ വാർഡുകളിലേക്കും വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കാറില്ലെന്നും സാങ്കേതികമായി നേരിട്ട പ്രശ്നമാണ് വൈദ്യുതി മുടക്കത്തിന് കാരണമായതെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

