കടലിൽ പട്ടം പറത്താൻ പടിഞ്ഞാറെക്കര പെർഫക്ട് ഒ.കെ
text_fieldsപടിഞ്ഞാറക്കര ബീച്ച് (ഫയൽ ചിത്രം)
മലപ്പുറം: ജില്ലയിലെ തീരദേശ ടൂറിസത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ വിദേശ സംഘം ജില്ല ഭരണകൂടവുമായും ടൂറിസം വകുപ്പുമായും കൂടിക്കാഴ്ച നടത്തി. ഫ്രാൻസ്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള രാജ്യന്തര കൈറ്റ് ഫ്ലയിങ് താരങ്ങളാണ് തിരൂർ കൂട്ടായിയിലെ പടിഞ്ഞാറക്കര ബീച്ചിൽ സന്ദർശനം നടത്തി ഈ ബീച്ചിന്റെ സാധ്യതകൾ സർക്കാറിന് മുന്നിൽ അവതരിപ്പിച്ചത്.
കടലിൽ ജലോപരിതലത്തിൽ സർഫിങ് ബോർഡിൽ ചവിട്ടി നിന്ന് ഇതുമായി ബന്ധിപ്പിച്ച വലിയ പട്ടത്തിൽ തൂങ്ങി കാറ്റിന്റെ ദിശക്കനുസരിച്ച് സഞ്ചരിക്കുന്നതാണ് കൈറ്റ് സർഫിങ്. ഈ കായിക വിനോദത്തിന് ഏറ്റവും ഉചിതമായ സ്ഥലമാണ് പടിഞ്ഞാറക്കര ബീച്ച് എന്ന് ഫ്രാൻസിൽ നിന്നുള്ള ജീൻ ലൂയിസ് കാസ്റ്റിനെയർ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതടവില്ലാതെ ലഭിക്കുന്ന പ്രകൃതിദത്തമായ കാറ്റ്, വിശാലമായ ബീച്ച്, പരിശീലനത്തിന് ശേഷം കൈറ്റ് ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം, പട്ടത്തിലൂടെ പറന്നിറങ്ങി സുരക്ഷിതമായി കരയിലേക്ക് കുതിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഇവിടത്തെ സവിശേഷതയാണ്.
ഈ വിനോദത്തിൽ പുതിയ തലമുറയെ സൗജന്യമായി പരിശീലിപ്പിക്കാനും വിദേശസംഘം സന്നദ്ധത അറിയിച്ചു. 2024-ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ കായിക ഇനമാണ് കൈറ്റ് സെർഫിങ്. ഇതൊരു ടൂറിസം പദ്ധതിയായി സർക്കാറിന് മുന്നിൽ സമർപ്പിക്കുമെന്ന് കലക്ടർ അറിയിച്ചതായി ഇവരോടൊപ്പമെത്തിയ വൺ ഇന്ത്യ കൈറ്റ് ടീം അംഗം ആഷിക് കൈനികര പറഞ്ഞു. കോഴിക്കോട് ബേപ്പൂരിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച വാട്ടർ ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയതാണ് സംഘം. വൺ ഇന്ത്യ കൈറ്റ് പ്രതിനിധികൾക്കൊപ്പമാണ് ഇവർ മലപ്പുറത്ത് എത്തിയത്.
കേരളത്തിലെ മനോഹരമായ ബീച്ചുകളിൽ ഒന്നാണ് പടിഞ്ഞാറേക്കര. തീരദേശടൂറിസത്തിന്റെ സാധ്യത കൂടിയുള്ളതാണ് പദ്ധതി. നേരത്തെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഇവിടെ പാരഗ്ലൈഡിങ് സംഘടിപ്പിച്ചിരുന്നു.
ഓഡിലേ മറിയ മാർഗരറ്റ് (ഫ്രാൻസ്), മാക്സിം കാസ്റ്റിനിയർ (ഫ്രാൻസ്), മെഹ്മത് അകോസ് നാസി (തുർക്കി), സെൽസസ് കോക്ക് (തുർക്കി) എന്നിവരാണ് രാജ്യന്തര കൈറ്റ് സർഫിങ് സംഘത്തിലുള്ളത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ് കൈനിക്കര, മുൻ ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം, ജില്ല സ്പോർട്സ് കൗൺസിൽ മെമ്പർ സി. സുരേഷ്, വൺ ഇന്ത്യ കൈറ്റ് ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ ഷാഹിർ മണ്ണിങ്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

