പോർട്ടബിൾ എ.ബി.സി കേന്ദ്രം ; ആദ്യഘട്ടം ജില്ലയിൽ അഞ്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് പരിഗണന
text_fieldsമലപ്പുറം: ജില്ലയിൽ തെരുവ് നായ വന്ധ്യംകരണത്തിന് മൃഗ സംരക്ഷണ വകുപ്പും തദ്ദേശ വകുപ്പും സംയുക്തമായി നടപ്പിലാക്കാൻ ഉദ്യേശിക്കുന്ന പോർട്ടബിൾ എ.ബി.സി (തെരുവുനായ വന്ധ്യംകരണം) കേന്ദ്രങ്ങൾക്ക് സ്ഥാപിക്കാൻ പ്രാഥമികമായി സ്ഥലം കണ്ടെത്തി അധികൃതർ. അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നതിൽ മുന്നിലുള്ളത്. പെരിന്തൽമണ്ണ, മലപ്പുറം, തിരൂരങ്ങാടി, നിലമ്പൂർ, പൊന്നാനി എന്നിവടങ്ങളെയാണ് പരിഗണിക്കുന്നത്. ഇതിൽ മൂന്ന് തദ്ദേശ സ്ഥാപനങ്ങൾ തദ്ദേശ വകുപ്പ് ജോയിൻ ഡയറക്ടറുമായി കൂടിയാലോചന നടത്തി പദ്ധതി യാഥാർഥ്യമാക്കാൻ പ്രഥാമിക ധാരണയായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വലിയ മുൻകൈ എടുത്തിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് തദ്ദേശ സ്ഥാപനങ്ങളുമായി അന്തിമ കൂടിയാലോചന നടത്തി വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.
ജില്ലയിൽ മലയോരം, തീരദേശം, നഗരപ്രദേശം എന്നിവ കേന്ദ്രീകരിച്ച് പദ്ധതി പ്രാഥമികമായി നടപ്പിലാക്കാനാണ് അധികൃതരുടെ ശ്രമം. തദ്ദേശ സ്ഥാപനങ്ങളുടെ ഓദ്യോഗിക അംഗീകാരം ലഭിച്ചാൽ തദ്ദേശ വകുപ്പ് രേഖാമൂലം പദ്ധതി നടപ്പിലാക്കാൻ സർക്കാറിന് കത്ത് നൽകും. നിലവിൽ സംസ്ഥാനത്ത് പോർട്ടബിൾ എ.ബി.സി കേന്ദ്രങ്ങളുടെ നിർമാണം തുടങ്ങിയിട്ടില്ല.
സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് മൃഗസംരക്ഷണ വകുപ്പ് നിർമാണ ചുമതല നൽകിയിരിക്കുന്നത്. വിശദ പദ്ധതി രേഖ(ഡി.പി.ആർ) അംഗീകരിക്കുന്ന മുറക്ക് മാത്രമേ നിർമിതി കേന്ദ്രം പോർട്ടബിൾ എ.ബി.സി കേന്ദ്രം നിർമാണം തുടങ്ങു. നിലവിൽ സംസ്ഥാനത്ത് ഏഴ് പോർട്ടബിൾ കേന്ദ്രങ്ങളിൽ ഒരെണ്ണം മലപ്പുറം ജില്ലക്ക് അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ തെരുവ് നായ വന്ധ്യംകരണത്തിനുള്ള സ്ഥിരം എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങുന്നതിന് സ്വന്തമായി സ്ഥലം കണ്ടെത്തൽ കഴിയാത്തതിനാൽ പാതി വഴിയിലാണ്. ഏറെ കാലമായി അനുയോജ്യമായ സ്ഥലത്തിന് വേണ്ടി മൃഗ സംരക്ഷണ വകുപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും സാങ്കേതികത്വവും പ്രാദേശിക എതിർപ്പുകളും കാരണം എങ്ങുമെത്താതെ കിടക്കുകയാണ്. 2025ൽ മാത്രം ജില്ലയിൽ തെരുവ് നായ ഉൾപെടെയുള്ളവയുടെ കടിയേറ്റ് 12,234 കേസുകളാണ് റിപ്പോർട്ട് ചെയ്ത്. മൂന്ന് പേർ പേവിഷബാധയേറ്റ് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

