പൂക്കോട്ടുംപാടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsപൂക്കോട്ടുംപാടം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) സഹിതം യുവാവ് പൂക്കോട്ടുംപാടം പൊലീസിെൻറ പിടിയിലായി. അമരമ്പലം സൗത്ത് അശ്വതി വീട്ടിൽ അജീഷിനെയാണ് (34) പൂക്കോട്ടുംപാടം ഇൻസ്പെക്ടർ ടി.കെ. ഷൈജു, എസ്.ഐ ഒ.കെ. വേണു എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നിലമ്പൂർ ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫിെൻറ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴ് ഗ്രാം എം.ഡി.എം.എ പിടികൂടിയത് വണ്ടൂരിൽ ലഹരി ഉപയോഗത്തിനിടെ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ജില്ലയിലെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യംെവച്ച് അന്തർ സംസ്ഥാനങ്ങളിൽനിന്ന് എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവ എത്തുന്നതായി വിവരം ലഭിച്ചിരുന്നു.
ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നുള്ള ഏജൻറുമാർ മുഖേന ജില്ലയിൽ എത്തിച്ചതാണെന്നും ഗ്രാമിന് 5,000 മുതൽ 10,000 രൂപ വില പറഞ്ഞുറപ്പിച്ച് വിൽപനക്ക് കൊണ്ടുവന്നതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി. ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എൻ. മനോജ്കുമാർ, പ്രശാന്ത് പയ്യനാട്, പൂക്കോട്ടുംപാടം സ്റ്റേഷനിലെ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ഇ.ജി. പ്രദീപ്, സൂര്യകുമാർ, മുജീബ് റഹ്മാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.