അമരമ്പലത്ത് ഭീതിയുടെ ഒരാഴ്ച; വട്ടംകറക്കി പുലി
text_fieldsഅമരമ്പലം തട്ടിയേക്കലിൽ ആർ.ആർ.ടി സ്ഥാപിച്ച പുലിക്കെണി
പൂക്കോട്ടുംപാടം: അമരമ്പലം മേഖലയിൽ പുലിഭീതി പടർന്നിട്ട് ഒരാഴ്ച പിന്നിടുന്നു. മാമ്പറ്റ, കാക്കപ്പൊയിൽ, തോട്ടേക്കാട്, തട്ടിയേക്കൽ പ്രദേശങ്ങളിൽ ഭീതി വിതച്ച പുലി വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടംകറക്കുകയാണ്. കഴിഞ്ഞ ദിവസം ഒരേസമയം പലയിടങ്ങളിലായി പുലിയെ കണ്ടെന്ന വാർത്തകൾ പരന്നതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായി.
ഞായറാഴ്ച അഞ്ചാം മൈൽ ചെന്നായ പൊയിലിൽ എരുമയെ മേയ്ക്കാൻ പോയയാൾ രണ്ട് പുലികളെ ഒരുമിച്ച് കണ്ടതായി അറിയിച്ചു. ഇതേ ദിവസം തന്നെ ചെട്ടിപ്പാടത്തും പുലിയെ കണ്ടതായി നാട്ടുകാർ അവകാശപ്പെടുന്നുണ്ട്. വിവരമറിഞ്ഞ് ആർ.ആർ.ടി സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വൈകീട്ട് ആറോടെ തട്ടിയേക്കലിൽ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം തട്ടിയേക്കലിൽ ആട്ടിൻ കുട്ടികളെ പുലി പിടികൂടിയിരുന്നു. തുടർന്ന് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചെങ്കിലും പുലി അകപ്പെട്ടിട്ടില്ല. ആർ.ആർ.ടി സംഘം കൂട്ടിലെ ചത്ത ആടുകളെ മാറ്റി ജീവനുള്ള രണ്ടു ആടുകളെ കെട്ടിയിട്ടുണ്ട്. മാത്രമല്ല, പുലി സാന്നിധ്യം വാർഡ് അംഗം അറിയിച്ചതിനെ തുടർന്ന് പരിസരങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിരീക്ഷണങ്ങൾ തുടരുന്നുണ്ടെങ്കിലും പുലിയുടെ നീക്കം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ഉദ്യോഗസ്ഥർക്കും തലവേദനയായിരിക്കുകയാണ്.
പുലിപ്പേടി കാരണം പകൽപോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. പുലർച്ചെ ജോലിക്ക് ഇറങ്ങേണ്ട ടാപ്പിങ് തൊഴിലാളികൾ ഭയന്നാണ് തോട്ടങ്ങളിലേക്ക് പോകുന്നത്. പുലർച്ചെ വീടുകളിൽ പത്രമെത്തിക്കുന്നവരും ഭീഷണി നേരിടുന്നു.
വളർത്തുമൃഗങ്ങളെ മേയ്ക്കാൻ വിടാൻ കഴിയാത്തത് കർഷകരെയും പ്രതിസന്ധിയിലാക്കി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുലിയെ എത്രയും വേഗം പിടികൂടാൻ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

