ഭാര്യയോടുള്ള വൈരാഗ്യം തീർക്കാൻ കടക്ക് തീവെച്ചു; യുവാവ് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ അക്ബറലി
പൂക്കോട്ടുംപാടം (മലപ്പുറം): അമരമ്പലം അഞ്ചാംമൈലിൽ കട പെട്രോൾ ഒഴിച്ച് തീവെച്ച് നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. അമരമ്പലം ഉള്ളാട് സ്വദേശി അക്ബറലി എന്ന മുള്ളൻ അസ്കറിനെയാണ് (37) പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ ടി.കെ. ഷൈജുവിെൻറ നിർദേശത്തെ തുടർന്ന് എസ്.ഐ വി.സി. ജോൺസൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22ന് രാത്രി ഒമ്പതരക്കായിരുന്നു സംഭവം.
ഭാര്യയുമായി അകന്നുകഴിയുന്ന പ്രതി ഭാര്യയോടുള്ള വൈരാഗ്യം തീർക്കാൻ അവർ ജോലി ചെയ്യുന്ന അഞ്ചാംമൈലിലെ കാലിത്തീറ്റ കടക്ക് തീവെക്കുകയായിരുന്നു. സംഭവത്തിൽ 50,000 രൂപയുടെ നാശനഷ്ടം ഉണ്ടായിരുന്നു. ഉടമസ്ഥെൻറ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വെള്ളിയാഴ്ച ഉച്ചക്ക് പൂക്കോട്ടുംപാടത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ പെട്രോൾ വാങ്ങിയ അഞ്ചാംമൈലിലെ പമ്പിലും സംഭവസ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ ഭാര്യയുടെ പരാതിയിൽ ഗാർഹിക പീഡന കേസും അടിപിടി കേസും നിലവിലുണ്ട്. നിലമ്പൂർ കോടതിയിൽ ഹാജരാക്കി. എസ്.ഐ എം. രാജൻ, എ.എസ്.ഐ വി.കെ. പ്രദീപ്, സി.പി.ഒമാരായ ടി. നിബിൻദാസ്, എ.പി. അൻസാർ എന്നിവരടങ്ങിയ സംഘമാണ് പിടിച്ചത്.

