അമരമ്പലത്തെ ‘നെയ്യ് കള്ളൻ’ കരടി കൂട്ടിൽ; മാസങ്ങൾ നീണ്ട കരടിപ്പേടിക്ക് ആശ്വാസം
text_fieldsടി.കെ. കോളനി അയ്യപ്പ ക്ഷേത്രത്തിലെ കെണിയിൽ കുടുങ്ങിയ കരടി
പൂക്കോട്ടുംപാടം: മാസങ്ങളായി അമരമ്പലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനവാസ മേഖലയിലിൽ ഭീതി പരത്തിയ കരടി വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. വ്യാഴാഴ്ച അർധരാത്രിയോടെ ടി.കെ. കോളനി ധർമശാസ്ത ക്ഷേത്രത്തിൽ സ്ഥാപിച്ച കെണിയിലാണ് കരടി അകപ്പെട്ടത്. പഞ്ചായത്തിലെ ടി.കെ. കോളനി, കവളമുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം, ഒളർവട്ടം, പുഞ്ച തുടങ്ങിയ പ്രദേശത്തെ ക്ഷേത്രങ്ങളിൽ കരടി നിരന്തരം നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന നെയ്യ്, എണ്ണ, ശർക്കര എന്നിവ ഭക്ഷിക്കാനാണ് കരടി പ്രധാനമായും എത്തിയിരുന്നത്. കൂടാതെ, മേഖലയിലെ കർഷകർ സ്ഥാപിച്ചിരുന്ന തേൻപ്പെട്ടികൾ തകർത്ത് തേൻ കുടിക്കുന്നതും പതിവായിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയുടെ നിർദേശപ്രകാരം രണ്ട് കെണികളും നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതിലൊന്നും പിടികൊടുക്കാതെ കരടി ക്ഷേത്രങ്ങളിൽ നാശം തുടർന്നതോടെ വ്യാഴാഴ്ച വൈകീട്ട് കൂടുതൽ തേനടകൾ വെച്ച് കെണി പുതുക്കി സ്ഥാപിച്ചു. ഈ തന്ത്രത്തിലാണ് കരടി വീണത്. പിടികൂടിയ കരടിയെ കൂട് സഹിതം അമരമ്പലം ആർ.ആർ.ടി ക്യാമ്പ് ഓഫിസിലേക്ക് മാറ്റി.
രണ്ടു ദിവസം ഇവിടെ വനം വകുപ്പിന്റെ നിരീക്ഷണത്തിൽ വെക്കും. വെറ്ററിനറി സർജന്റെ പരിശോധനക്ക് ശേഷം കരടിയെ എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കരടിയെ പിടികൂടിയതോടെ ഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് പ്രദേശവാസികളെന്ന് വാർഡ് അംഗം രമ്യ സതീഷ് പറഞ്ഞു.
കരടിയെ വീണ്ടും കാട്ടിൽ വിടാതെ മൃഗശാല യിലേക്ക് മാറ്റണമെന്ന് മുൻ വാർഡ് അംഗം വി.കെ. ബാലസുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

