കാറിലെത്തിയ യുവാവിൽനിന്ന് പിടികൂടിയത് 21.55 കിലോ കഞ്ചാവ്; കൊണ്ടുവന്നത് ആന്ധ്രയിൽനിന്ന്
text_fieldsപൂക്കോട്ടുംപാടത്ത് കാറിൽനിന്ന് പിടികൂടിയ കഞ്ചാവ്. ഇൻസെറ്റിൽ പ്രതി ഷാനവാസ്
പൂക്കോട്ടുംപാടം (മലപ്പുറം): കാറിൽ കടത്തിയ 21.55 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. പൂക്കോട്ടുംപാടം പായമ്പാടം പുതിയത്ത് ഷാനവാസിനെയാണ് (32) പൂക്കോട്ടുംപാടം എസ്.ഐ പി.കെ. അബ്ദുൽ കരീം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ അമരമ്പലം സൗത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. 10 കിലോ കഞ്ചാവ് പിടിച്ചതിന് ഇയാൾക്കെതിരെ എക്സൈസ് കേസ് നിലവിലുണ്ട്.
പ്രദേശത്തെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാൻ ആന്ധ്രയിൽനിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഷാനവാസ് പൊലീസിനോട് പറഞ്ഞു. ബാഗുകളിലും ചാക്കുകളിലുമായി ചെറുപാക്കറ്റുകളായാണ് സൂക്ഷിച്ചിരുന്നത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ സി.എൻ. സുകുമാരെൻറ നിർദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
എ.എസ്.ഐ വി.കെ. പ്രദീപ്, സി.പി.ഒമാരായ എസ്. അഭിലാഷ്, ടി. നിബിൻദാസ്, ജിയോ ജേക്കബ്, സജി രാജ്, ഇ.ജി. പ്രദീപ്, എം.എസ്. അനീഷ്, കെ. ബാബു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച നിലമ്പൂർ കോടതിയിൽ ഹാജരാക്കും.

