വിമത സ്ഥാനാർഥിയെ കെ.പി.സി.സി അംഗമാക്കിയ സംഭവം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സി.പി.എമ്മിൽ ചേർന്നു
text_fieldsപൊന്നാനി: ഷാജി കാളിയത്തേലിനെ കെ.പി.സി.സി അംഗമാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം റിയാസ് പഴഞ്ഞി സി.പി.എമ്മിൽ ചേർന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം പാർട്ടിവിട്ടത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിലേക്ക് കോൺഗ്രസിനെതിരെ വിമത സ്ഥാനാർഥിയായി മത്സരിക്കുകയും കോൺഗ്രസ് സ്ഥാനാർഥിയുടെ പരാജയത്തിന് കാരണമാകുകയും ചെയ്ത ഷാജി കാളിയത്തേലിനെ കെ.പി.സി.സി അംഗമാക്കിയതിൽ പ്രതിഷേധിച്ചാണിത്.
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മികച്ച പ്രഭാഷകനുമാണ് റിയാസ് പഴഞ്ഞി. കഴിഞ്ഞ തെരഞ്ഞെടുപ്പുസമയത്ത് സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ഷാജി കാളിയത്തേൽ വിമതനായി മത്സരിക്കുകയായിരുന്നു.
തുടർന്ന് ഇരുവരും തമ്മിൽ സമൂഹ മാധ്യമങ്ങൾ വഴി പോര് നടന്നിരുന്നു. പിന്നീട് ഷാജി കാളിയത്തേലിനെ പാർട്ടിയിൽ തിരിച്ചെടുത്തു. തുടർന്ന് കെ.പി.സി.സി മെംബറുടെ പട്ടികയിൽ ഇടംപിടിച്ചതോടെ നിരവധിപേർ ഇതിനെതിരെ ജില്ല, സംസ്ഥാന നേതൃത്വങ്ങളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് റിയാസ് രാജിവെച്ചത്. പ്രശ്ന പരിഹാരത്തിന് കെ.പി.സി.സി മൂന്നംഗ സംഘത്തെ നിയോഗിക്കുകയും ഷാജി കാളിയത്തേലിന്റെ കെ.പി.സി.സി അംഗത്വം മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, അംഗത്വം മരവിപ്പിക്കുന്നത് കണ്ണിൽ പൊടിയിടാനെന്ന നിലപാടിലായിരുന്നു റിയാസ്. 2005 മുതൽ 2021 വരെയുള്ള കാലയളവിലുടനീളം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പൊന്നാനിയിലും എരമംഗലം കേന്ദ്രീകരിച്ചുമുള്ള പരമ്പരാഗത ചേരികൾ പാർട്ടിയുടെയും മുന്നണിയുടെയും സ്ഥാനാർഥികളെയും പ്രവർത്തകരെയും ഒറ്റിക്കൊടുത്ത് രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്നത് നിസ്സഹായരായി കാഴ്ചക്കാരാകേണ്ടി വന്ന തലമുറയായിരുന്നു തങ്ങളുടേതെന്നും ഇതിൽ മനംമടുത്താണ് പാർട്ടി വിട്ടതെന്നും റിയാസ് പറഞ്ഞു. മതനിരപേക്ഷ ആശയത്തെ ഗൗരവത്തോടെ സമീപിക്കുന്ന പാർട്ടി എന്നതിനാലാണ് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.