കടൽകാറ്റ് ശക്തം; മത്സ്യബന്ധന യാനങ്ങൾ തീരമണഞ്ഞു
text_fieldsകടൽ കാറ്റിനെത്തുടർന്ന് പൊന്നാനിയിൽ കരക്കടുപ്പിച്ച ബോട്ടുകൾ
പൊന്നാനി: മത്സ്യ ബന്ധനത്തിനിടെയുണ്ടായ ശക്തമായ കടൽക്കാറ്റിനെ തുടർന്ന് ജില്ലയിലെ ബോട്ടുകളും വള്ളങ്ങളും തീരമണഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനത്തിന് കടലിലിറങ്ങിയ ബോട്ടുകാരും വള്ളക്കാരും മണിക്കൂറുകൾക്കകം തിരിച്ച് കരയിലേക്കു വരികയായിരുന്നു. വലയിറക്കിയയുടൻ തന്നെ കാറ്റ് ശക്തമായി തുടങ്ങിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വള്ളവും ബോട്ടുകളുമൊക്കെ ഗതിമാറി ഒഴുകാൻ തുടങ്ങിയതോടെയാണ് യാനങ്ങളെല്ലാം മീൻപിടിത്തം മതിയാക്കി തീരത്തേക്ക് തിരിച്ചത്. ഏതാനും ബോട്ടുകാർക്ക് ചെമ്മീൻ കിട്ടിയതൊഴിച്ചാൽ മറ്റ് ബോട്ടുകാരെല്ലാം നഷ്ടക്കണക്കുകളുമായാണ് മടങ്ങിയത്. രണ്ടു മാസത്തോളം നീണ്ടു നിന്ന ട്രോളിങ് നിരോധന ശേഷമാണ് ബോട്ടുകൾ കടലിലിറങ്ങി തുടങ്ങിയിരുന്നത്.
വീണ്ടും കാറ്റും കാലാവസ്ഥാ മുന്നറിയിപ്പുമെല്ലാം വരുന്നത് മീൻപിടിത്ത മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുന്നത്.

