അന്ധതയെയും ദാരിദ്ര്യത്തെയും തോൽപിച്ച് ജെ.ആർ.എഫ് നേടി ശ്രീരാജ്
text_fieldsപൊന്നാനി: പൊന്നാനി നൈതല്ലൂർ സ്വദേശി ശ്രീരാജ് തോൽപിച്ചത് വിധി നൽകിയ അന്ധതയെയും ദാരിദ്ര്യത്തെയും മാത്രമല്ല നിരന്തരമുള്ള അവഗണനയെയും കൂടിയാണ്. 5,26,000 പേർ പരീക്ഷ എഴുതിയവരിൽ എസ്.സി കാറ്റഗറിയിലും പേഴ്സൻ വിത്ത് ഡിസേബിൾഡ് വിഭാഗത്തിലും ജെ.ആർ.എഫ് യോഗ്യതയോടെ നെറ്റ് പാസാകുന്ന ഏക മലയാളി കൂടിയാണ് നൈതല്ലൂർ മാടക്കര പത്മിനി-ചന്ദ്രൻ ദമ്പതികളുടെ മകനായ ശ്രീരാജ്. 95 ശതമാനം കാഴ്ചയില്ലാത്ത ശ്രീരാജ് അമ്മയുടെ സഹായത്തോടെയാണ് കുഞ്ഞുനാൾ മുതൽ പഠിച്ചത്. ഡിഗ്രി പഠനം കുന്നംകുളത്തെ സ്വകാര്യ കോളജിലായിരുന്നു. നിരന്തരമുള്ള ബസ് യാത്ര വലിയൊരു പീഡനവും ജീവനക്കാരുടെ അവഹേളനവുമായതോടെ പി.ജി ഡിസ്റ്റൻസായി പഠിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ വിദൂര പഠനവിഭാഗത്തിൽ എം.എ മലയാളം വിദ്യാർഥിയായ ശ്രീരാജ് ആദ്യത്തെ പരിശ്രമത്തിലാണ് ജെ.ആർ.എഫ് സ്വന്തമാക്കിയന്ത്.
ആനകളെക്കുറിച്ച് പിഎച്ച്.ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ് 26കാരൻ. സുഹൃത്തുക്കൾ ക്ലാസുകൾ റെക്കോഡ് ചെയ്തു നൽകും. അത് കേട്ടാണ് ശ്രീരാജ് പഠിച്ചത്.
പിതാവ് ചന്ദ്രൻ വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലാണ്. അമ്മ പത്മിനി ജോലിക്കു പോയാണ് കുടുംബം പുലർത്തുന്നതും ശ്രീരാജിനെ പഠിപ്പിക്കുന്നതും. കൂട്ടുകാരുടെ സഹായവും ശ്രീരാജിെൻറ പഠനത്തെ സഹായിച്ചിട്ടുണ്ട്. അസിസ്റ്റൻറ് പ്രഫസറായി ഒരു ജോലിയാണ് ശ്രീരാജ് ആഗ്രഹിക്കുന്നത്.