പൊന്നാനി: വികസന സ്ഥിരം സമിതി അധ്യക്ഷസ്ഥാനം വേണ്ടെന്ന് സി.പി.ഐ
text_fieldsപൊന്നാനി: ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമൊഴികെ മറ്റു സ്ഥിരംസമിതി അധ്യക്ഷ പദവി വേണ്ടെന്ന നിലപാടിൽ സി.പി.ഐ ഉറച്ചുനിന്നതോടെ നഗരസഭയിലെ സ്ഥിരംസമിതി ചെയർമാൻമാരെല്ലാം സി.പി.എമ്മിനും ഐ.എൻ.എല്ലിനും മാത്രമായി ഒതുങ്ങി. ഭരണസമിതിയിൽ ഒഴിവുണ്ടായിരുന്ന വികസന സ്ഥിരം സമിതി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഴുവൻ സ്ഥിരംസമിതി അധ്യക്ഷൻമാരായി. 39ാം വാർഡിൽനിന്ന് വിജയിച്ച ആബിദയാണ് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ.
അധ്യക്ഷ തെരഞ്ഞെടുപ്പിൽനിന്ന് സി.പി.ഐ കൗൺസിലർമാർ വിട്ടുനിന്നു. വികസനകാര്യ സ്ഥിരം സമിതി സി.പി.ഐക്ക് അനുവദിച്ചിരുന്നതാണ്. എന്നാൽ, ആരോഗ്യ സ്ഥിരം സമിതി വേണമെന്ന കാര്യത്തിൽ സി.പി.ഐ വിട്ടുവീഴ്ചക്ക് തയാറാവാതിരുന്നതാണ് സി.പി.ഐക്ക് ഭരണസമിതിയിൽ അധ്യക്ഷൻമാരില്ലാതെ പോകാനിടയാക്കിയത്.
ആദ്യം വൈസ് ചെയർപേഴ്സൻ സ്ഥാനം ആവശ്യപ്പെട്ട സി.പി.ഐക്ക് ഇത് നൽകാൻ സി.പി.എം തയാറായില്ല. പിന്നീട് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെടുകയും, ഇത് നൽകാമെന്ന് സമ്മതിക്കുകയും ചെയ്തെങ്കിലും അവസാന നിമിഷം ആരോഗ്യത്തിന് പകരം വികസന സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നൽകാനാണ് സി.പി.എം തീരുമാനിച്ചത്. ഇതോടെ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെതിരെ സി.പി.ഐ അംഗങ്ങൾ മത്സരിക്കുകയും ചെയ്തിരുന്നു.

