പൊന്നാനി നഗരസഭ; തിരിച്ചുപിടിക്കാൻ യു.ഡി.എഫ് നിലനിർത്താൻ എൽ.ഡി.എഫ്
text_fieldsപൊന്നാനി: സംസ്ഥാന നിയമസഭ ഭരണത്തിന്റെ നേർചിത്രമാണ് പൊന്നാനി നഗരസഭയും. പൊന്നാനിയിൽ സി.പി.എം ഭരണത്തിലേറിയ തൊട്ടടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തും ഇടതുമുന്നണി അധികാരമേൽക്കും. കഴിഞ്ഞ തവണ ആദ്യമായി പൊന്നാനിയിൽ എൽ.ഡി.എഫിന് തുടർ ഭരണം ലഭിച്ചപ്പോൾ നിയമസഭയിലും ഇടതുമുന്നണിക്ക് അധികാരത്തുടർച്ചയുണ്ടായി.
2015 മുതൽ എൽ.ഡി.എഫ് വിജയിച്ച നഗരസഭയിൽ യു.ഡി.എഫും തുല്യശക്തികളാണ്. 1977ൽ രൂപവത്കരിച്ച പൊന്നാനി നഗരസഭയിൽ ഇമ്പിച്ചി ബാവയുടെ സഹോദരൻ ഇ.കെ. അബൂബക്കറായിരുന്നു പ്രഥമ നഗരസഭ ചെയർമാൻ. തുടർന്ന് ഇടതുവലത് മുന്നണികളെ മാറി മാറി വിജയിപ്പിച്ച ചരിത്രമാണ് പൊന്നാനിയുടേത്. 51 വാർഡുകളുണ്ടായിരുന്ന നഗരസഭയിൽ വാർഡ് പുനർനിർണയത്തോടെ 53 വാർഡുകളായി മാറി.
നഗരസഭയിലെ ഭൂരിഭാഗം വാർഡുകളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഏറെ പിറകിലായിരുന്ന യു.ഡി.എഫ് ഇത്തവണ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പല വാർഡുകളിലും അനായാസ വിജയം നേടുകയും ചിലയിടങ്ങളിൽ മികച്ച പോരാട്ടം കാഴ്ചവെച്ച് വിജയിക്കുകയും ചെയ്യാമെന്ന ഉറപ്പാണ് എൽ.ഡി.എഫിന് ഉള്ളത്. 15 ഓളം വാർഡുകളിൽ ത്രികോണ പോരാട്ടവും നടക്കുന്നുണ്ട്.
ബി.ജെ.പി ശക്തമായ സാന്നിധ്യമറിയിക്കുന്ന വാർഡുകൾക്ക് പുറമെ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, വിമതർ എന്നിവരും വിധി നിർണയിക്കുന്ന വാർഡുകൾ നഗരത്തിലുണ്ട്. തീരദേശ മേഖലയിൽ നിലവിൽ ഒറ്റ സീറ്റ് പോലുമില്ലാത്ത യു.ഡി.എഫ് മികച്ച നേട്ടം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ്.
എന്നാൽ തീരമേഖല തങ്ങളെ കൈവിടില്ലെന്ന ഉറപ്പാണ് എൽ.ഡി.എഫിന് കരുത്ത് പകരുന്നത്. ഈഴുവത്തിരുത്തി മേഖലയിൽ ബി.ജെ.പി നിർണായക ഘടകമാകും. കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ച് മൂന്നാമതും ഭരണം ലഭിക്കുന്ന പ്രതീക്ഷയാണ് എൽ.ഡി.എഫിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

