പൊന്നാനി ഹാര്‍ബറില്‍ നങ്കൂരമിടാനാവാതെ മത്സ്യബന്ധന ബോട്ടുകള്‍
text_fieldsപൊന്നാനി: ട്രോളിങ് നിരോധനത്തിനുശേഷം മാസങ്ങളോളം കരക്കിരുന്ന ചെറിയ ബോട്ടുകൾ മത്സ്യവുമായി തിരികെയെത്തുമ്പോൾ ഹാർബറിൽ അടുപ്പിക്കാനാവാതെ പ്രയാസത്തിൽ.
പൊന്നാനി ഹാർബറിലാണ് ചെറിയ ബോട്ടുകൾക്ക് നിർത്തിയിടാനാവാത്ത അവസ്ഥയുള്ളത്. വലിയ ബോട്ടുകൾ വാർഫിൽ സ്ഥിരമായി കെട്ടിയിടുന്നതിനാൽ ചെറിയ ബോട്ടുകൾക്ക് മീൻ ഇറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പൊന്നാനി ഹാര്‍ബർ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്ന നൂറിലധികം ചെറുബോട്ടുകള്‍ക്ക് മത്സ്യങ്ങൾ കയറ്റി ഇറക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പല തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമായിട്ടില്ല. തെക്കന്‍ ജില്ലകളില്‍ മത്സ്യ ബന്ധനം കഴിഞ്ഞ ബോട്ടുകള്‍ കടലോരത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് നങ്കൂരമിടുന്നതെങ്കിലും പൊന്നാനി ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ ഇതിന് സൗകര്യമില്ല.
മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന ബോട്ടുകള്‍ മീന്‍ ഹാര്ബറിലിറക്കിയ ശേഷം വാര്‍ഫില്‍ നിന്ന് മാറ്റിയിടണമെന്നാണ് നിര്‍ദേശമെങ്കിലും സ്ഥല സൗകര്യമില്ലാത്തതിനാല്‍ ഇത് പലപ്പോഴും നടപ്പാകുന്നില്ല. ഹാര്‍ബര്‍ അഴിമുഖത്തിന് തൊട്ടടുത്തു തന്നെയായതിനാല്‍ ശക്തമായ തിരയിളക്കമാണ് പലപ്പോഴും ഇവിടെയുണ്ടാകുന്നത്.
ഇതുമൂലം തൊട്ടടുത്ത് നിര്‍ത്തിയിട്ട ബോട്ടുകളിലും വാര്‍ഫിലും തട്ടി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ്. പുതുതായി പടിഞ്ഞാറ് ഭാഗത്ത് നിർമിച്ച വാര്‍ഫിലേക്ക് വലിയ ബോട്ടുകള്‍ കയറ്റിയിടാന്‍ കഴിയാത്ത സ്ഥിതിയാണ്. വേലിയിറക്ക സമയങ്ങളില്‍ പുഴയില്‍ മണല്‍ തിട്ടകള്‍ രൂപപ്പെടുന്നതിനാല്‍ ബോട്ടുകള്‍ മണലിലിടിച്ച് ചെരിയുന്നതായും ബോട്ടുടമകള്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പാണ് പൊന്നാനി ഹാര്‍ബറില്‍ കാര്യമായ ഡ്രഡ്ജിങ് നടന്നത്.
പിന്നീട് അഴിമുഖത്ത് പലയിടങ്ങളിലും മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടെങ്കിലും ഡ്രഡ്ജിങ് ഇതുവരെ പൂർണമായി നടത്തിയിട്ടില്ല. മണല്‍ത്തിട്ടകള്‍ ഡ്രഡ്ജ് ചെയ്ത് മാറ്റിയല്‍ മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.