പൊന്നാനി ഫിഷിങ് ഹാർബർ; വിവിധ പദ്ധതികളുടെ നിർമാണങ്ങൾക്ക് തുടക്കം
text_fieldsപൊന്നാനി ഫിഷിങ് ഹാർബർ
പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിൽ വിവിധ വികസന പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. 18 കോടി രൂപ ചെലവഴിച്ചുള്ള വിവിധ പദ്ധതികളാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരമാണ് നിർമാണം നടപ്പാക്കുന്നത്. വല നെയ്ത്ത് കേന്ദ്രം, റോഡ് നിർമാണം, വിശ്രമ കേന്ദ്രം. സൈക്കിൾ-സ്കൂട്ടർ ഷെഡ്, കട മുറിയും കാന്റീനും ഉൾക്കൊള്ളുന്ന കെട്ടിടം തുടങ്ങി വിവിധ പദ്ധതികളാണ് തുടങ്ങിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതികൾ യാഥാർഥ്യമാകും.
പ്രധാന വാർഫും പുതിയ വാർഫും ബന്ധിപ്പിച്ചുകൊണ്ട് പുതിയ റോഡും നിർമിക്കുന്നുണ്ട്. ഇതിനായി 45 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. പുതിയ വാർഫിലേക്ക് വാഹനങ്ങൾ കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. വലിയ വാഹനങ്ങളെല്ലാം പഴയ ലേല ഹാളിന് മുന്നിലാണ് നിർത്തിയിടുന്നത്.
ഈ ഭാഗത്തേക്ക് തലച്ചുമടായി മത്സ്യം കൊണ്ടുവന്നാണ് വാഹനങ്ങളിൽ കയറ്റുന്നത്. പുതിയ റോഡും ഒപ്പം പാർക്കിങ് സൗകര്യവും യാഥാർഥ്യമായാൽ ഹാർബറിലെ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ സൗകര്യമാകും. മത്സ്യത്തൊഴിലാളികൾക്ക് വല നെയ്യുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും നിലവിൽ ഒരു ഷെഡ് മാത്രമാണുള്ളത്. പുതിയ ഷെഡ് ഹാർബർ പ്രദേശത്തുതന്നെ നിർമാണം തുടങ്ങിക്കഴിഞ്ഞു.
ഒപ്പം മത്സ്യത്തൊഴിലാളികൾക്ക് വിശ്രമ കേന്ദ്രവും ഒരുക്കുന്നുണ്ട്. 6.38 കോടി രൂപ ചെലവഴിച്ച് ഹാർബർ പ്രദേശം ആഴം കൂട്ടുന്നതിനുള്ള ടെൻഡർ നടപടികളും പൂർത്തിയാക്കി കഴിഞ്ഞു. ആഴം കൂട്ടൽ ഉടൻ തുടങ്ങും. പുഴയിൽ മൂന്നര മീറ്റർ വരെ ആഴം ഉറപ്പാക്കാനാണ് പദ്ധതി.

