പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ മിഴിയടച്ചിട്ട് ഒരാഴ്ച
text_fieldsപൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ ലൈറ്റുകൾ ഒരാഴ്ചയായി മിഴിയടച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല. സിഗ്നൽ പ്രവർത്തനരഹിതമായതോടെ ദിനംപ്രതി നിരവധി അപകടങ്ങളാണ് ചമ്രവട്ടം ജങ്ഷനിൽ സംഭവിക്കുന്നത്.
ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ട കെൽട്രോൺ അധികൃതരുടെ പിടിപ്പുകേടാണ് സിഗ്നൽ സംവിധാനം തകരാറിലാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
മാസത്തിൽ രണ്ടുതവണ എന്ന നിലയിലാണ് ഇപ്പോൾ ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമാവുന്നത്. ഒരുമാസം മുമ്പ് അറ്റകുറ്റപ്പണികൾ നടത്തിയ ലൈറ്റുകൾ വീണ്ടും മിഴിയടച്ചു. ഇവ പുനഃസ്ഥാപിക്കാൻ ഒരു നടപടിയുമായിട്ടില്ല. ഇതോടെ അപകടവും നിത്യസംഭവമായി.
പൊന്നാനി- കുറ്റിപ്പുറം, എടപ്പാൾ-പൊന്നാനി, തിരൂർ- പൊന്നാനി റോഡുകൾ സംഗമിക്കുന്ന പ്രധാന ജങ്ഷനാണ് ചമ്രവട്ടം. സിഗ്നൽ ലൈറ്റുകൾ മിഴിയടച്ചതോടെ വാഹനങ്ങൾ തോന്നിയപോലെയാണ് റോഡിലൂടെ കയറിപ്പോകുന്നത്. ഇത് അപകടങ്ങൾക്കും കാരണമാവും. കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാത യാഥാർഥ‍്യമായതോടെയാണ് പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. ചില സമയങ്ങളിൽ തകരാറുകൾ ഉണ്ടാകാറുണ്ടെങ്കിലും ഇത് പെട്ടെന്നുതന്നെ പരിഹരിക്കുകയും ചെയ്തിരുന്നു. ഒരുമാസം മുമ്പും സിഗ്നൽ ലൈറ്റുകൾ നിശ്ചമായിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് പുനഃസ്ഥാപിച്ചത്. ഇപ്പോൾ പൂർണമായും കണ്ണടച്ച നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

