ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടു; പുതുപൊന്നാനി ആയുർവേദ ആശുപത്രിയിൽ കിടത്തിച്ചികിത്സ തുടങ്ങിയില്ല
text_fieldsപുതുപൊന്നാനി ആയുർവേദ ആശുപത്രി
പൊന്നാനി: കഴിഞ്ഞ നവംബറിൽ ഉദ്ഘാടനം ചെയ്ത പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ ഇനിയും കിടത്തിച്ചികിത്സ ആരംഭിച്ചില്ല. നേരത്തേ ആശുപതി പ്രവർത്തിച്ചിരുന്ന താൽക്കാലിക കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും കിടത്തിച്ചികിത്സ. ഈ ഇനത്തിൽ പ്രതിമാസം പതിനായിരങ്ങളാണ് നഗരസഭ വാടകയായി നൽകിവരുന്നത്. രണ്ടേകാൽ കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ ഒ.പി വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്.
മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്നതിന് പദ്ധതി തയാറാക്കിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ നിർമാണം മാത്രമാണ് പൂർണതോതിൽ നടന്നത്. താലൂക്കിലെതന്നെ കിടത്തിച്ചികിത്സ സൗകര്യമടക്കമുള്ള ആശുപത്രിയിൽ രണ്ടാം നിലയുടെ നിർമാണം നീണ്ടതാണ് കിടത്തിച്ചികിത്സ വൈകാൻ ഇടയാക്കുന്നത്.
മൂന്നുനിലകളിലായി 12,000 സ്ക്വയർ ഫീറ്റിൽ കെട്ടിടം നിർമിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ 4000 സ്ക്വയർ ഫീറ്റിൽ ഗ്രൗണ്ട് ഫ്ലോർ നിർമാണം നേരത്തേ പൂർത്തിയായി. നാഷനൽ ആയുഷ് മിഷന്റെ ഒരു കോടി രൂപയും നഗരസഭയുടെ 1.25 കോടി രൂപയും ചെലവഴിച്ചാണ് താഴത്തെ നില നിർമിക്കുന്നത്. നാല് ഒ.പി റൂം, റിസപ്ഷൻ റൂം, ഫാർമസി, മെഡിസിൻ റൂം, കിച്ചൺ, വെയ്റ്റിങ് ഏരിയ, ടോയ്ലറ്റ് സൗകര്യം എന്നിവ താഴത്തെ നിലയിൽ സജ്ജീകരിച്ചത്. മുകൾ നിലകളിൽ 20 ബെഡ് സംവിധാനമുള്ള വാർഡ്, പഞ്ചകർമ, തെറപ്പി എന്നിവയുടെ നിർമാണം നീളുകയാണ്.
ജില്ലയിലെ തീരദേശത്തുള്ള ഏക സർക്കാർ ആയുർവേദ ആശുപത്രിയായ പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രിയെ ചാവക്കാട് മുതൽ, തിരൂർ വരെയുള്ള മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തിയതിനാലാണ് കിടത്തിച്ചികിത്സ ഉൾപ്പെടെ നടത്താൻ കഴിയാതിരുന്നതെന്ന് നഗരസഭ യു.ഡി.എഫ് കൗൺസിലർ യു. മുനീബ് ആരോപിച്ചു.
ഇതിനാൽ വാടക ഇനത്തിൽ നഗരസഭ വലിയ പാഴ് ചെലവ് വരുത്തിയെന്നും മുനീബ് കുറ്റപ്പെടുത്തി. അതേസമയം, രണ്ടാം നിലയുടെ നിർമാണം നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി അനുമതികൾ ലഭിക്കാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും സെപ്റ്റംബറിൽ കിടത്തിച്ചികിത്സ സ്വന്തം കെട്ടിടത്തിൽ ആരംഭിക്കുമെന്നും മെഡിക്കൽ ഓഫിസർ ഡോ. അനൂപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

