മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കൾ
text_fieldsപൊന്നാനി: പൊന്നാനി താലൂക്കിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണത്തിനെത്തുന്നതായി ആക്ഷേപം. മാവേലി സ്റ്റോറുകളിലെ ഭക്ഷ്യവസ്തുക്കളിൽ കമ്പ്യൂട്ടർ സ്റ്റോക്കും ഫിസിക്കൽ സ്റ്റോക്കും തമ്മിൽ അന്തരമുള്ളതായും ആരോപണം.
ഗുണമേന്മയുള്ള വസ്തുക്കൾക്ക് പകരം സപ്ലൈകോ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഗുണമേന്മ കുറഞ്ഞ സാധനങ്ങൾ വിറ്റഴിക്കുന്നതായും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും വിജിലൻസ് പരിശോധന നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. അതേസമയം, കഴിഞ്ഞ ദിവസം സപ്ലൈകോ ഗോഡൗണിൽ നടന്ന പരിശോധന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻകൂട്ടി അറിഞ്ഞതായും ആക്ഷേപമുണ്ട്. വെള്ളിയാഴ്ച പൊന്നാനിയിലെ രണ്ട് ഗോഡൗണുകളിൽ നടന്ന പരിശോധനയിൽ 35 ക്വിന്റൽ അരിയും 34 ക്വിന്റൽ ഗോതമ്പും കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സപ്ലൈകോ ഗോഡൗണിൽ റേഷൻ ഭക്ഷ്യധാന്യങ്ങളിൽ തിരിമറി നടത്തിയ സപ്ലൈകോ അസിസ്റ്റന്റ് മാനേജർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മാനേജറുടെ അധികാരപരിധിയിലുള്ള പൊന്നാനി താലൂക്കിലെ മാവേലി സ്റ്റോറുകളിലെയും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലെയും ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയെപറ്റിയും അന്വേഷണം വേണമെന്നും സ്കൂളിലേക്ക് വിതരണം ചെയ്യേണ്ട അരിയും മാവേലിസ്റ്റോറുകളിലേക്കുള്ള ഭക്ഷ്യവസ്തുക്കളും സൂക്ഷിച്ച സപ്ലൈകോയുടെ പുതുപൊന്നാനി ഗോഡൗണിലും വിജിലൻസ് പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ എ. പവിത്രകുമാർ, എൻ.പി. സേതുമാധവൻ, സി.എ. ശിവകുമാർ, കെ. ജയപ്രകാശ്, എം. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.