അനധികൃത മത്സ്യബന്ധനം; അന്തർ സംസ്ഥാന ബോട്ടുകൾക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി
text_fieldsപൊന്നാനി: കേരള തീരത്ത് അനധികൃത മത്സ്യ ബന്ധനം നടത്തുന്നതിനിടെ പിടിയിലായ അന്തർ സംസ്ഥാന ബോട്ടുകൾക്ക് ഫിഷറീസ് വകുപ്പ് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി.
ബോട്ടിലുണ്ടായിരുന്ന മത്സ്യം വിറ്റഴിച്ചതിൽ 1.42 ലക്ഷം രൂപയും ഉൾപ്പെടെ 6.42 ലക്ഷം രൂപയാണ് ഫിഷറീസ് വകുപ്പിന് മൊത്തം പിഴത്തുകയായി ലഭിച്ചത്. പൊന്നാനി തീരത്ത് മത്സ്യ ബന്ധനം നടത്തുന്നതിനിടെ മംഗലാപുരം സ്വദേശികളുടെ ബോട്ടുകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
അന്തർസംസ്ഥാന മത്സ്യബന്ധന യാനങ്ങൾ കേരള തീരത്ത് മത്സ്യബന്ധനം നടത്തരുതെന്ന മുന്നറിയിപ്പ് മറികടന്ന് മീൻപിടിത്തം നടത്തിയ ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തത്. മംഗലാപുരം സ്വദേശികളുടെ ഹനീന 2, ഷാൻവി 3 ബോട്ടുകളാണ് പിടികൂടിയത്.
350 എച്ച്.പി എഞ്ചിൻ ഉപയോഗിച്ചുള്ള ബോട്ടുകൾ പൊന്നാനി കടലിൽ എട്ട് നോട്ടിക്കൽ മൈൽ ദൂരത്തിലാണ് മത്സ്യബന്ധനം നടത്തിയത്. അന്തർ സംസ്ഥാന ബോട്ടുകൾ മീൻപിടുത്തം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഫിഷറീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ട് പിടികൂടിയത്.

