ബജറ്റിൽ ഇടംപിടിച്ച് ബിയ്യം-കുന്നംകുളം ജലപാത ടൂറിസം രംഗത്ത് വരും, വൻ മുന്നേറ്റം
text_fieldsപൊന്നാനി ബിയ്യം കോൾ മേഖല
പൊന്നാനി: മലബാറിലെ പ്രധാന നെല്ലറകളിലൊന്നായ ബിയ്യം മുതൽ കുന്നംകുളം വെട്ടിക്കടവ് വരെയുള്ള ജലപാതയെ ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള ബജറ്റ് പ്രഖ്യാപനം ടൂറിസം രംഗത്ത് വൻ ഉണർവിന് ഇടയാക്കും. പദ്ധതിയുടെ സാധ്യത പഠനത്തിനായി 25 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
ബിയ്യം മുതൽ ആരംഭിക്കുന്ന നൂറടിത്തോടിലൂടെ ജലഗതാഗതം സാധ്യമായാൽ മലബാറിലെ ഏറ്റവും വലിയ ജല ടൂറിസം കേന്ദ്രമായി മാറ്റാൻ കഴിയും. ബിയ്യം കായലിൽനിന്ന് ആരംഭിക്കുന്ന ഈ ജലപാത മാറഞ്ചേരി ആളം, അയിനിച്ചിറ, കോലളമ്പ്, തുറുവാണം, നരണിപ്പുഴ, പട്ടേരിക്കുന്ന് താഴ്വാരം വഴി ചെറവല്ലൂർ ഉപ്പുങ്ങൽ കടവിലെത്തും. തുടർന്ന് കുന്നംകുളത്തെ കോൾ മേഖലയിലേക്കും എത്താനാകും.
നിലവിൽ പലയിടത്തും ആഴവും വീതിയും കുറഞ്ഞ നിലയിലാണ് നൂറടിത്തോടുള്ളത്. അഞ്ചു മീറ്റർ ആഴവും വീതിയും വർധിപ്പിച്ചാൽതന്നെ നൂറടിത്തോടിനെ വീണ്ടെടുക്കാനാകും. എന്നാൽ, മഴക്കാലത്ത് അമിത നീരൊഴുക്കും വേനൽകാലത്ത് നൂറടിത്തോടിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നതും പ്രതിസന്ധിക്കിടയാക്കും.
പന്താവൂർ ലിഫ്റ്റ് ഇറിഗേഷൻ വഴി എത്തുന്ന വെള്ളം വെമ്പയിൽ, നീലയിൽ പാടം എന്നിവിടങ്ങളിൽ റിസർവോയറുകളായി ഉപയോഗപ്പെടുത്തുകയും ജലം സംഭരിച്ച് വെള്ളത്തിന്റെ അനുപാതം നിലനിർത്തുകയും ചെയ്താൽ ജലഗതാഗതം തടസ്സമില്ലാതെ നടത്താൻ കഴിയും.
കേച്ചേരിപ്പുഴ മുതൽ ഭാരതപ്പുഴ വരെയുള്ള ഇടനാടൻ ചെങ്കൽകുന്നുകൾ ഇടിച്ചുനിരത്തിയതോടെയാണ് നൂറടിത്തോട് വഴിയുള്ള ജലത്തിന്റെ നീരൊഴുക്കിൽ ഗണ്യമായ മാറ്റം വന്നത്. വിശാലമായ കോൾനിലങ്ങൾക്ക് നടുവിലൂടെ ഒഴുകുന്ന നൂറടിത്തോടിനെ വീണ്ടെടുത്ത് ജലഗതാഗതം സാധ്യമാക്കിയാൽ കൃഷിക്കൊപ്പം ടൂറിസം രംഗത്തും പൊന്നാനി മുന്നേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

