പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബർ പ്രദേശത്ത് ആറ് നിലകളിലായി 100 വീടുകൾ കൂടി ഒരുങ്ങുന്നു. അര ഏക്കറോളം സ്ഥലത്ത് സൗകര്യപ്രദമായ ഭവനസമുച്ചയം നിർമിക്കാനാണ് ലക്ഷ്യം. പദ്ധതി സർക്കാർ അംഗീകരിച്ചാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. ഒരു വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് നടപടികൾ മുന്നോട്ടുനീക്കുന്നത്.
ഹാർബർ പ്രദേശത്ത് നിലവിലുള്ള ഭവനസമുച്ചയത്തോട് ചേർന്നാണ് പുതിയ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 128 കുടുംബങ്ങൾ പുതിയ കെട്ടിടത്തിൽ താമസം തുടങ്ങിക്കഴിഞ്ഞു. പുതിയ പദ്ധതി കൂടി യാഥാർഥ്യമായിക്കഴിഞ്ഞാൽ പൊന്നാനി തീരപ്രദേശത്തെ 228 കുടുംബങ്ങൾക്ക് കടലാക്രമണത്തിൽനിന്ന് രക്ഷയാകും. ഇതോടൊപ്പം തന്നെ പുനർഗേഹം പദ്ധതി പ്രകാരം 49 വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുടുംബങ്ങൾ കണ്ടെത്തിയ ഭൂമിയുടെ വില നിർണയം പൂർത്തിയായിക്കഴിഞ്ഞു. രജിസ്ട്രേഷൻ നടപടികൾ അടുത്തയാഴ്ചയോടെ തുടങ്ങുമെന്നാണ് അറിയുന്നത്.
വില നിർണയം വൈകിയതിനാൽ അഞ്ച് കുടുംബങ്ങൾ കണ്ടെത്തിയ ഭൂമി കിട്ടാതെ പോയി. ഭൂവുടമകൾ ഭൂമി മറിച്ചുവിൽക്കുകയായിരുന്നു. ഭൂമി വാങ്ങാനും വീട് നിർമിക്കാനുമായി 10 ലക്ഷം രൂപയാണ് സർക്കാർ സഹായധനമായി നൽകുന്നത്. പദ്ധതി പ്രകാരം നിലവിൽ 20 കുടുംബങ്ങൾ വീടുകൾ നിർമിച്ചുകഴിഞ്ഞു. പൊന്നാനി തീരപ്രദേശത്ത് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. കടലോരം സർക്കാർ ഏറ്റെടുത്ത് തീരദേശ ഇടനാഴിയാക്കി മാറ്റാനും ആലോചനയുണ്ട്.