തിരൂർ വഴിയുള്ള പൊന്നാനി-ഗൂഡല്ലൂർ കെ.എസ്.ആർ.ടി.സി സർവിസ് നാളെ മുതൽ
text_fieldsതിരൂർ: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ തിരൂർ വഴിയുള്ള പൊന്നാനി-ഗൂഡല്ലൂർ കെ.എസ്.ആർ.ടി.സി സർവിസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. നിലമ്പൂർ ഡിപ്പോയാണ് ഈ സർവിസ് ഓപ്പറേറ്റ് ചെയ്യുന്നത്. നീലഗിരി ജില്ലയിലെ പ്രധാന മലയോര പട്ടണമായ ഗൂഡല്ലൂരിൽ നിന്നും ആരംഭിച്ച് ജില്ലയിലെ കിഴക്ക്-പടിഞ്ഞാറ് പ്രധാന നഗരങ്ങൾ ബന്ധിപ്പിച്ച് ആരംഭിക്കുന്ന സർവിസ് നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമാകും.
തിരൂരിൽ നിന്നും നിലമ്പൂർ, വഴിക്കടവ്, നാടുകാണി ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്കും ഈ ബസ് അനുഗ്രഹമാകും. നിലവിൽ തിരൂരിൽ നിന്നും നിലമ്പൂർ വഴിക്കടവ് ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുകൾ ഒന്നുമില്ല. ഫാസ്റ്റ് പാസഞ്ചർ സർവിസായതിനാൽ കുറഞ്ഞ സമയം കൊണ്ട് യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാനാകും. ഊട്ടിയിലേക്കുള്ള യാത്രയും ഇനി എളുപ്പമാകും.
നിലമ്പൂരിൽ നിന്നും ഉച്ചക്ക് രണ്ടുമണിക്ക് പുറപ്പെട്ട് 3.30ന് ഗൂഡല്ലൂരിൽ എത്തിച്ചേരുന്ന ബസ്, വൈകീട്ട് നാലിന് ഗൂഡല്ലൂരിൽ നിന്നും മലപ്പുറം-തിരൂർ വഴി പൊന്നാനിയിലേക്ക് തിരിക്കും. രാത്രി 7.40നാണ് തിരൂരിൽ എത്തിച്ചേരുക. തുടർന്ന് അഞ്ച് മിനിറ്റ് വിശ്രമത്തിന് ശേഷം പൊന്നാനിയിലേക്ക് യാത്ര തുടരും. പിറ്റേന്ന് പുലർച്ചെ ആറിന് പൊന്നാനിയിൽ നിന്നും പുറപ്പെടുന്ന ബസ്, രാവിലെ 6.40നാണ് തിരൂരിലെത്തുക. 10 മിനിറ്റ് ഇടവേളക്കുശേഷം 6.50ന് തിരൂരിൽ നിന്നും മലപ്പുറം- മഞ്ചേരി- നിലമ്പൂർ- വഴിക്കടവ്- നാടുകാണി വഴി ഗൂഡല്ലൂരിലേക്ക് പുറപ്പെടും. രാവിലെ 10.30നാണ് ഗൂഡല്ലൂരിൽ എത്തിച്ചേരുക. ശേഷം ഗൂഡല്ലൂരിൽ നിന്നും 11.10ന് നിലമ്പൂരിലേക്ക് തിരിക്കും.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന തിരൂർ വഴിയുള്ള പൊന്നാനി - ഗൂഡല്ലൂർ കെ.എസ്.ആർ.ടി.സി സർവീസിന് തിരൂർ ബസ് സ്റ്റാൻഡിൽ വ്യാപാരി സംഘടനകളുടെയും യാത്രക്കാരുടെ കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

