പുഞ്ചക്കോൾ കൃഷിമേഖലയിൽ പ്രതിസന്ധി രൂക്ഷം;കെ.എൽ.ഡി.സിക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ്
text_fieldsപ്രതീകാത്മക ചിത്രം
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കോൾ കൃഷിമേഖലയിൽ കാർഷിക പ്രതിസന്ധി രൂക്ഷമാകാൻ പ്രധാന കാരണം കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷന്റെ (കെ.എൽ.ഡി.സി.) പ്രവർത്തനങ്ങളിലെ വീഴ്ചകളാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് ആരോപിച്ചു. ബണ്ട് നിർമാണവും ശക്തിപ്പെടുത്തലുമുൾപ്പെടെയുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും കർഷകരെ ദുരിതത്തിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തരിശായി കിടക്കുന്ന നെൽവയലുകളിലും വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കോൾ മേഖലകളിലും കൃഷി പുനരാരംഭിക്കാനാകാത്ത സാഹചര്യമാണ്. ഇടത്തോടുകളുടെയും ബണ്ടുകളുടെയും നിർമാണം നടക്കാത്തതും കാർഷിക യന്ത്രങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി വയലുകളിലേക്ക് പ്രവേശനസൗകര്യം ഒരുക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. തരിശുനിലങ്ങൾ വീണ്ടും കൃഷിയോഗ്യമാക്കി പുഞ്ചക്കോൾ മേഖലയിൽ നെൽകൃഷി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് ഭരണസമിതി കർഷക കൂട്ടായ്മകളുമായി ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
എന്നാൽ, ബണ്ടുകളുടെ നിർമാണവും അനുബന്ധ പ്രവൃത്തികളും പൂർത്തിയാകാതെ കൃഷിക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാനാവില്ല. കെ.എൽ.ഡി.സിയും ഗ്രാമപഞ്ചായത്തും തമ്മിൽ ആവശ്യമായ ഏകോപനമില്ലാത്തതും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ബണ്ട് നിർമാണം പൂർത്തിയാക്കുന്നതിനും കാർഷിക യന്ത്രങ്ങൾക്ക് പ്രവേശനസൗകര്യം ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

