പൊന്മുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ: 20 കോടിയുടെ സമഗ്ര മാസ്റ്റർ പ്ലാൻ
text_fieldsപൊന്മുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിനായി കണ്ടെത്തിയ സ്ഥലം
മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു
വൈലത്തൂർ: അസൗകര്യങ്ങളാൽ വീർപ്പുമുട്ടിക്കഴിയുന്ന പൊന്മുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ 20 കോടി രൂപയുടെ സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് സംസ്ഥാന തീരദേശ വികസന കോർപറേഷനെ ചുമതലപ്പെടുത്താൻ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ സ്കൂളിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
സ്കൂളിനായി വാങ്ങിയ ഒരേക്കർ ഭൂമി തരം മാറ്റി കെട്ടിടം പണിയുന്നതിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അനുമതി നൽകിയത്. കേവലം മുപ്പത് സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2005ൽ സ്കൂൾ അപ്ഗ്രഡേഷൻ കമ്മിറ്റി കണ്ടെത്തിയ ഒരേക്കർ ഭൂമി 2012 ലാണ് ജില്ല പഞ്ചായത്തിന്റെ ഫണ്ട് കൂടി ഉപയോഗിച്ച് രജിസ്റ്റർ ചെയ്തത്.
എന്നാൽ, തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം ഈ ഭൂമിയിൽ കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചിരുന്നില്ല. വി. അബ്ദുറഹിമാൻ വിജയിച്ച ശേഷം സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നിരന്തരമായി നടത്തിയ ശ്രമഫലമായാണ് ഇപ്പോൾ കെട്ടിട നിർമാണത്തിന് അനുമതിയായത്. സ്കൂളിന്റെ ദയനീയാവസ്ഥ മുഖ്യമന്ത്രിയെയും കൃഷി മന്ത്രി പി. പ്രസാദിനെയും ബോധ്യപ്പെടുത്തിയതിന്റെ ഭാഗമായാണ് കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ ഈ വിഷയം പരിഗണിച്ച് അനുമതി നൽകിയത്.
യോഗത്തിൽ ജില്ല പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കോമുക്കുട്ടി, തീരദേശ വികസന കോർപറേഷൻ ചീഫ് എൻജിനീയർ ബാലകൃഷ്ണൻ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ രൂപേഷ്, അസിസ്റ്റന്റ് എൻജിനീയർ എസ്. ശരണ്യ, അനീഷ്, പ്രിൻസിപ്പൽ പങ്കജവല്ലി, ഹെഡ്മാസ്റ്റർ ഗീത, പി.ടി.എ പ്രസിഡന്റ് ആർ. ഖാദർ, എസ്.എം.സി ചെയർമാൻ മുഹമ്മദ് സക്കീർ, മുസ്തഫ, സനില, ഗഫൂർ, ഹനീഫ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അലവി, വേലായുധൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

