വളവിൽ പൊലീസ് പരിശോധന; ബൈക്ക് തിരിക്കുന്നതിനിടെ അപകടത്തിൽപെട്ട് മൂന്നുപേർക്ക് പരിക്ക്
text_fieldsമാറഞ്ചേരി പനമ്പാട് വളവിലെ പൊലീസിന്‍റെ വാഹന പരിശോധന
മാറഞ്ചേരി: പ്രധാന റോഡുകളിലെ വളവുകളിൽ വാഹനപരിശോധന നടത്തരുതെന്ന ഡി.ജി.പിയുടെ നിർദേശമുണ്ടായിരിക്കെ ഉത്തരവിന് പുല്ലുവില നൽകി പെരുമ്പടപ്പ് പൊലീസിന്‍റെ പരിശോധന അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. മാറഞ്ചേരി പനമ്പാട് വളവിലെ പരിശോധനക്കിടെ ഉണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
വളവിൽ പതിയിരുന്ന പൊലീസിനെ കണ്ട് വാഹനം പൊടുന്നനെ തിരിച്ച ബൈക്ക് യാത്രികരായ യുവാക്കൾ എതിരെവന്ന ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ചു. പരിക്കേറ്റ യുവാക്കളെ പൊലീസ് തന്നെ ആശുപത്രിയിൽ എത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. തുടർന്ന് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, മൂന്നുപേർ ഒരുമിച്ച് യാത്ര ചെയ്യൽ എന്നീ കുറ്റങ്ങൾ യാത്രക്കാർക്കെതിരെ ചുമത്തി.
തിരക്കേറിയ സംസ്ഥാനപാതയായ കുണ്ടുകടവ് കോട്ടപ്പടി റോഡിൽ കുമ്മിപ്പാലം, അധികാരിപ്പടി, മുക്കാല, പുറങ്ങ്, പൂച്ചാമം എന്നീ വളവുകൾ ആണ് പൊലീസിന്‍റെ സ്ഥിരം പരിശോധന കേന്ദ്രം. പ്രധാന റോഡിൽനിന്ന് തുടങ്ങുന്ന ചെറു റോഡുകളിലോ, മരങ്ങളുടെ ചുവട്ടിലോ, നിർത്തിയിട്ട വലിയ വാഹനങ്ങളുടെ മറവിലോ ആരുടേയും ശ്രദ്ധയിൽ പെടാത്തവിധം പൊലീസ് വാഹനം പാർക്ക് ചെയ്ത ശേഷമാണ് പരിശോധന.
വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങൾ റോഡിൽ പൊലീസിനെ കാണുമ്പോൾ പെട്ടെന്ന് തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത്തരത്തിൽ അപകടത്തിൽപെടുന്നവ ഏറെയും ഇരുചക്രവാഹനങ്ങളാണ്.പെട്ടെന്ന് തിരിക്കുമ്പോൾ പിറകിൽ വരുന്ന വാഹനവുമായോ എതിരെ വരുന്ന വാഹനവുമായോ കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്. താലൂക്ക് വികസന സമിതി യോഗങ്ങളിൽ പൊലീസിന്‍റെ നിയമലംഘനം പരാതിയായി എത്തിയിട്ടും വളവുകളിലെ പരിശോധന മുറപോലെ നടക്കുകയാണ്.
അതേസമയം, പൊലീസ് നടപടിയിലും നിയമലംഘനങ്ങളിലും പ്രതികരിച്ചാൽ ഉടൻ പ്രതികരിക്കുന്നവരുടെ ഫോട്ടോയും വിഡിയോയും എടുത്ത് ചില പൊലീസുകാർ അവരെ ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ ആരോപിച്ചു. ഇത്തരത്തിൽ വളവുകളിലെ പരിശോധ തുടർന്നാൽ ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

