കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പൊലീസ് പിടിയിൽ
text_fieldsകഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിലായവർ
പൊന്നാനി: ആന്ധ്രയിൽ നിന്ന് വിൽപനക്കായി മലപ്പുറത്തെത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലും പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊന്നാനി നരിപ്പറമ്പ് സ്വദേശികളായ തുറക്കൽ അസ്കർ (42), അയ്യപ്പൻകളത്തിൽ ആഷിക് (34), പെരുന്തല്ലൂർ സ്വദേശി കണക്കന്നൂർ സൽമാൻ (28) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇവരിൽ നിന്ന് നാലുകിലോ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്. ആന്ധ്രയിൽ നിന്ന് ജില്ലയിൽ വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശപ്രകാരം പൊന്നാനി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയറ്റൂരിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്.ഐ നവീൻ ഷാജ്, എ.എസ്.ഐ പ്രവീൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ വിശ്വൻ, സാജുകുമാർ, ഉദയൻ സിവിൽ പോലീസ് ഓഫീസർ സുധീഷ്, മനു, രഘു എന്നിവരും തിരൂർ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളിൽ അസ്ക്കർ പൊന്നാനി പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉള്ളയാളും മുമ്പ് മയക്കുമരുന്ന്, മോഷണ കേസിലും മാരകായുധം പിടികൂടിയ കേസിലും മറ്റും ഉൾപ്പെട്ടയാളാണ്. ആഷിക് മോഷണ കേസിൽ അസ്ക്കറിന്റെ കൂട്ടുപ്രതിയുമാണ്. പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കും.
ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരും, വിതരണക്കാരുമായ കൂടുതൽ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെകുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

