പ്ലസ് ടു: മലപ്പുറത്ത് പത്താം ക്ലാസ് ജയിച്ച മൂന്നിലൊരു കുട്ടി ‘പുറത്ത്’; സമരം കടുപ്പിക്കാൻ ഫ്രറ്റേണിറ്റി
text_fieldsമലപ്പുറം: മലപ്പുറം ജില്ലയിലെ വിദ്യാർഥികളോട് സർക്കാർ ക്രൂരമായ വിവേചനമാണ് കാണിക്കുന്നതെന്നും ജില്ലയിലെ പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തത ഉടനെ പരിഹരിക്കണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡന്‍റ് ജംഷീൽ അബൂബക്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ജില്ലയിൽ 85 സർക്കാർ ഹയർ സെക്കനഡറി സ്കൂളുകളും 88 എയ്ഡഡ് സ്കൂളുമാണുള്ളത്. രണ്ടിലുമായി 839 ബാച്ചുകളുണ്ട്.
അടിസ്ഥാനപരമായി ഒരു ബാച്ചിൽ 50 വിദ്യാർഥികളാണ് ഉണ്ടാവേണ്ടത്. അങ്ങനെയാകുമ്പോൾ 41950 പ്ലസ് വൺ സീറ്റുകളാണ് യഥാർഥത്തിൽ പൊതുമേഖലയിൽ ജില്ലയിലുള്ളത്. ഈ വർഷം പത്താം ക്ലാസ് ജയിച്ചവരുടെ എണ്ണം സി.ബി.എസ്.സി ഉൾപ്പെടുത്താതെ 79730 ആണ്. എന്നാൽ പൊതുമേഖയിൽ നിലവിൽ 24805 പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ട്.
ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം പുതിയ അഡീഷനൽ ബാച്ചുകൾ അനുവദിക്കുക എന്നുള്ളത് മാത്രമാണ്. ദൗർഭാഗ്യവശാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സർക്കാർ താൽക്കാലിക പരിഹാരമെന്നോണം ഹയർ സെക്കൻഡറിയിൽ ഓരോ ബാച്ചിലും 30 ശതമാനവും എയ്ഡഡിൽ 20 ശതമാനവും സീറ്റ് വർധിപ്പിച്ച് പ്രശ്നം പരിഹരിച്ചെന്ന് സർക്കാർ അവകാശപ്പെടുന്നത്.
തൽഫലമായി പരമാവധി 50 കുട്ടികൾ പഠിക്കേണ്ട ക്ലാസുകളിൽ ജില്ലയിൽ 65 കുട്ടികൾ ഞെരുങ്ങി ഇരിക്കേണ്ട അവസ്ഥയാണ്. പത്തനം തിട്ട, കോട്ടയം പോലുള്ള ജില്ലകളിൽ ആയിര കണക്കിന് സീറ്റുകൾ ബാക്കിയായി നിൽക്കുമ്പോഴാണ് സർക്കാറിന്‍റെ ഈ ക്രൂര വിവേചനം. ഈ സാഹചചര്യത്തിൽ മലപ്പുറത്തോടുള്ള വിവേചനങ്ങൾ അവസാനിക്കുന്നത് വരെ പിൻമടക്കമില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻറ് ജംഷീൽ അബൂബക്കർ പറഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്മെൻറ് ‘മലപ്പുറം മെമ്മോറിയൽ’ പ്രക്ഷോഭം എന്ന പേരിൽ തുടക്കമിടുന്ന സമരത്തിന്‍റെ ആദ്യ യാത്ര ‘പടപ്പുറപ്പാട്’ ബുധനാഴ്ച പൂക്കോട്ടൂരിൽ നിന്ന് ആരംഭിക്കും. വൈകിട്ട് നാലിന് പൂക്കോട്ടൂരിൽ നിന്ന് ലോങ് മാർച്ചോടു കൂടി മലപ്പുറം കുന്നുമ്മലിലേക്കാണ് സമര യാത്ര. മലപ്പുറം മെമ്മോറിയലിന് കീഴിൽ പടപ്പുറപ്പാട്, ഡോർ ടു ഡോർ കാമ്പയിൻ, ജനകീയ വിചാരണ സദസ്സുകൾ, തെരുവ് ക്ലാസുകൾ, ചർച്ചാ സംഗമങ്ങൾ, പദയാത്രകൾ, ഉപരോധ സമരം, കലാജാഥകൾ, വഴി തടയൽ സമരം, മന്ത്രിമാരെ തടയൽ, മലപ്പുറം പട തുടങ്ങി വിവിധ തരത്തിലുള്ള സമര പരിപാടികൾ
സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. കൂടാതെ നിയമ പോരാട്ടങ്ങളും ശക്തമാക്കും. വാർത്തസമ്മേളനത്തിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറിമാരായ സാബിറ ശിഹാബ്, ബാസിത് താനൂർ, വൈസ് പ്രസിഡന്‍റ് വി.ടി.എസ് ഉമർ തങ്ങൾ, സെക്രട്ടറിമാരായ സുജിത്ത്, അൽത്താഫ് ശാന്തപുരം തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

