പന്നിശല്യം; വാഴ കർഷകർ കളം വിടുന്നു
text_fieldsപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷ നേടാൻ വാഴത്തോട്ടത്തിൽ കർഷകർ വേലി കെട്ടിയ നിലയിൽ
തിരുത്തിയാട്: വാഴയൂർ പഞ്ചായത്തിൽ കർഷകരുടെ പ്രധാന കൃഷിയാണ് വാഴ. ഭാരിച്ച ചെലവും അധ്വാനവും വരുമെങ്കിലും വിളവെടുക്കുമ്പോൾ ഒന്നിച്ചൊരു സംഖ്യ കൈയിൽ വരുമെന്ന ആശ്വാസത്തിൽ മാത്രമാണ് കർഷകർ രംഗം വിടാതിരിക്കുന്നത്.
കാലവർഷക്കെടുതിയും വിലക്കുറവും എല്ലാ കാലത്തും ഭീഷണിയാവാറുണ്ടെങ്കിലും പുതുതായി വന്ന അതിഥിയാണ് ഇപ്പോൾ ഭീഷണി. വാഴക്കന്ന് കുഴിച്ചിട്ടതുമുതൽ തുടങ്ങുന്ന പന്നികളുടെ അക്രമണം കർഷകരെ ഏറെ പ്രയാസപ്പെടുത്തുകയാണ്. അവയിൽനിന്ന് രക്ഷനേടാൻ കൃഷിയിടത്തിൽ വേലി കെട്ടിയും വല കെട്ടിയും സംരക്ഷിക്കുകയാണ് കർഷർ. ഇതിന് വലിയ ബാധ്യതയും അധ്വാനവും വരുന്നു. വാഴ വേരോടെ പിഴു തേടുത്ത് അകകാമ്പ് ഭക്ഷിക്കുകയാണ് പന്നികൾ.
പന്നിയെ കൂടാതെ കുരങ്ങ്, മുള്ളൻ പന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ വർഷം ഈ പ്രദേശങ്ങളിൽ നിരവധി കർഷകരുടെ പാതി വളർച്ചയെത്തിയ വാഴകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. കൃഷി വകുപ്പ് മുഖേന നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിരുന്നങ്കിലും നാമമാത്രമായി ലഭിക്കുന്ന ആ തുക പോലും ഇതുവരെ ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. ചേന, ചേമ്പ്, കപ്പ, മധുരക്കിഴങ്ങ്, തെങ്ങിൻ തൈകൾ തുടങ്ങി വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നവ പോലും കൃഷി ചെയ്യാനാവാതെ കുഴങ്ങുകയാണ് നാട്ടുകാർ. കനത്ത നഷ്ടം സഹിച്ച് നിൽക്കാനാവാതെ കളം വിടാനൊരുങ്ങുകയാണ് കർഷകരിൽ അധികം പേരും.
ഏറെ പ്രയാസമനുഭവിക്കുന്ന വാഴ കർഷകരെ സഹായിക്കാൻ കൃഷി വകുപ്പ് പ്രത്യേക സഹായമനുവദിക്കണമെന്നും പന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വാഴയൂർ പഞ്ചായത്ത് വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ആരിഫ് ചുണ്ടയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.സി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.സി. മുഹമ്മദ് കുട്ടി, നിസാർ ചണ്ണയിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

