പെരുവഴികുളത്ത് കലുങ്ക് നിർമാണത്തിനിടെ റോഡ് തകർന്നു; ഗതാഗതം തടസ്സപ്പെട്ടു
text_fieldsമാറഞ്ചേരി പെരുവഴികുളത്ത് കലുങ്ക് പണിക്കിടെ റോഡ് തകർന്ന നിലയിൽ
മാറഞ്ചേരി: ഗുരുവായൂർ-പൊന്നാനി ദേശീയപാതയിൽ പെരുവഴിക്കുളം ഭാഗത്ത് കലുങ്ക് നിർമാണത്തിനിടെ റോഡ് തകർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. റോഡിന്റെ ഒരുഭാഗം പൊളിച്ചുപണിതുകൊണ്ടിരിക്കെ കിഴക്കുഭാഗത്തെ റോഡ് തകരുകയായിരുന്നു.
ഏറെ തിരക്കുള്ള റോഡിലെ ഗതാഗതം മുടങ്ങിയപ്പോൾ ജനങ്ങൾ പെരുവഴിയിലായി. റൂട്ടിലോടുന്ന മുഴുവൻ ബസുകളും ചൊവ്വാഴ്ച മുക്കാലയിലും പനമ്പാടും യാത്ര അവസാനിപ്പിച്ചതോടെ വിദ്യാർഥികളും അധ്യാപകരുമാണ് ഏറെ ദുരിതത്തിലായത്. വലിയ വാഹനങ്ങൾക്ക് തിരിഞ്ഞുപോകുന്നതിനുള്ള ബദൽ റോസുകൾ ഇല്ലാത്തതാണ് യാത്ര ദുരിതത്തിലാക്കിയത്. ചെറിയ റോഡുകളിലൂടെയുള്ള വണ്ടികളുടെ തിരിച്ചുവിടൽ വലിയ ഗതാഗതക്കുരുക്കിനും വഴിയൊരുക്കി. ചൊവ്വാഴ്ച പുലർച്ചയോടെയാണ് റോഡ് പൂർണമായും തകർന്നത്.
11 മണിയോടെയെത്തിയ പി.ഡബ്ല്യൂ.ഡി അധികൃതർ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുമ്പ് കാലുകൾ നാട്ടി ഷീറ്റ് അടിച്ച് പടിഞ്ഞാറ് ഭാഗത്ത് ക്വാറി വേസ്റ്റുകൾ ഇട്ട് നികത്തിയെങ്കിലും മണ്ണ് താങ്ങാനുള്ള കരുത്ത് കെട്ടിനുണ്ടായില്ല. നികത്തിയ മണ്ണ് മുഴുവൻ കിഴക്ക് ഭാഗത്തേക്ക് തള്ളിപ്പോയതോടെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പാളി.
ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനി എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് അധികൃതർക്ക് വൃക്തമായ ധാരണയില്ല. ജനങ്ങളുടെ ദുരിതം എന്നുമാറുമെന്നതും അനിശ്ചിതത്തിലായിരിക്കുന്ന അവസ്ഥയാണ്. ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ പി.ഡബ്ല്യൂ.ഡി എൻജിനീയർമാരുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. ഒരു കുഴപ്പവുമില്ലാതിരുന്ന കലുങ്ക് പൊളിച്ച് പണിയാൻ ധൃതി കാണിച്ചതിൽ ദുരൂഹതയുണ്ടെന്ന് സമിതി പ്രവർത്തകർ അധികൃതരോട് പറഞ്ഞു.
ഒരു വ്യക്തിയുടെ പരാതിയിലാണത്രേ ഇത് പൊളിച്ച് പണിയാൻ തീരുമാനിച്ചെതെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞത്. 20 ലക്ഷം രൂപ ചെലവിൽ ധൃതിയിൽ കലുങ്ക് നിർമിക്കാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്നും ഇതിൽ മതിയായ അന്വേഷണം നടത്തണമെന്നും പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ചർച്ചകൾക്ക് സെക്രട്ടറി എ. അബ്ദുൽ ലത്തീഫ്, ട്രഷറർ എം.ടി. നജീബ്, എ.ടി. അലി, സുനിൽ, അജിത് എന്നിവർ നേതൃത്വം നൽകി.