സ്വപ്നം യാഥാർഥ്യമാകുന്നു; പെരുവള്ളൂരിലെ 70 കുടുംബത്തിന് പട്ടയം
text_fieldsപെരുവള്ളൂരിൽ നടക്കുന്ന പട്ടയവിതരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സ്വാഗതസംഘം
യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത ഉദ്ഘാടനം ചെയ്യുന്നു
പെരുവള്ളൂർ: ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന സർക്കാർ നയത്തിന്റെ ഭാഗമായി വർഷങ്ങളായി രേഖകൾ ലഭിക്കാതെ പ്രയാസപ്പെടുന്ന പെരുവള്ളൂർ പഞ്ചായത്തിലെ 70 കുടുംബത്തിനുള്ള ലക്ഷംവീട് പട്ടയ വിതരണം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. ഈ മാസം 30ന് രാവിലെ ഒമ്പതിന് പറമ്പിൽപീടിക ജി.എൽ.പി സ്കൂളിലാണ് വിതരണം.
25 വർഷത്തിലധികമായി പട്ടയംപോലുമില്ലാതെ ദുരിതജീവിതം നയിച്ച പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പ് കോളനി, തടത്തിൽ കോളനി, ഉള്ളാട്ടുമാട് കോളനി, ചുള്ളിയാല പുറായി കോളനി എന്നീ നാല് ലക്ഷം വീട് കോളനിയിലെ കുടുംബങ്ങൾക്കാണ് സ്വന്തം ഭൂമി എന്ന സ്വപ്നം യാഥാർഥ്യമാവുന്നത്. നേരേത്ത പൊന്നാനിയിൽ 10പേർക്കുള്ള പട്ടയം വിതരണം ചെയ്തിരുന്നു. 25 വർഷമായി താമസിക്കുന്നുണ്ടെങ്കിലും സ്വന്തം പേരിൽ രേഖകൾ ഇല്ലാത്തതിനാൽ ബാങ്ക് ലോൺപോലും ലഭിക്കാതെ ഇവർ ദുരിതത്തിലായിരുന്നു.
പട്ടയവിതരണവുമായി ബന്ധപ്പെട്ട് പെരുവള്ളൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ചെയർമാനും തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ പി.ഒ. സാദിഖ് കൺവീനറുമായുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. തഹസിൽദാർ പി.എം.ഒ. സാദിഖ് സ്വാഗതവും ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

