പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് റമീന ഇസ്മായിൽ നയിക്കും
text_fieldsറമീന ഇസ്മായിൽ
പെരുമ്പടപ്പ്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി റമീന ഇസ്മായിലിനെ എരമംഗലത്ത് ചേർന്ന കോൺഗ്രസ് പെരുമ്പടപ്പ് ബ്ലോക്ക് പാർലമെന്ററി പാർട്ടി അംഗങ്ങളുടെയും കോൺഗ്രസ് നേതൃത്വത്തിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ രണ്ടു തവണ അംഗമായ ഇവർക്ക് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. റമീനയുടെ പേര് സംഗീത രാജൻ നിർദേശിക്കുകയും ഹസീബ് കോക്കൂർ പിന്താങ്ങുകയും ചെയ്തു .
കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ആയി ഹസീബ് കോക്കൂരിനെയും ചീഫ് വിപ്പ് ആയി സംഗീത രാജനെയും തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ജനറൽ ആണെങ്കിലും പരിചയസമ്പത്ത് പരിഗണിച്ചാണ് റമീന ഇസ്മായിലിനെ പ്രസിഡന്റാക്കാൻ തീരുമാനിച്ചത്.
നീണ്ട ഇടവേളക്ക് ശേഷമാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫിന് ലഭിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് മുന്നണിക്ക് അനുകൂലമായി ജനവിധി നൽകിയ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് മുന്നോട്ട് പോകാൻ അംഗങ്ങൾക്ക് കഴിയണമെന്ന് യോഗം വിലയിരുത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി. അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി അംഗം ഷാജി കാളിയത്തേൽ, ഡി.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു, പൊന്നാനി ബ്ലോക്ക് കോൺസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, മണ്ഡലം പ്രസിഡന്റുമാരായ സുരേഷ് പാട്ടത്തിൽ, നാഹിർ ആലുങ്ങൽ, വി.കെ. അനസ്, രഞ്ജിത് അടാട്ട്, ബ്ലോക്ക് അംഗങ്ങളായ ഹസീബ് കോക്കൂർ, റമീന ഇസ്മായിൽ, സംഗീത രാജൻ, സജിന ഫിറോസ്, ഫാത്തിമ ചന്ദനത്തേൽ, അശ്വതി സന്തോഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

