വെള്ളം ശുദ്ധമല്ല; ജില്ല ആശുപത്രിയിൽ ഡയാലിസിസ് മുടങ്ങി
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമാവുന്ന ഘടകങ്ങൾ കണ്ടെത്തിയതോടെ ഇവിടെ നടന്നു വന്ന രോഗികളുടെ ഡയാലിസിസ് താൽക്കാലികമായി നിർത്തി. ഏതാനും ദിവസങ്ങളായി രോഗികൾ സ്വകാര്യ ആശുപത്രികളിൽ നിന്നാണ് ഡയാലിസിസ് ചെയ്തു വരുന്നത്.
ഡയാലിസിസ് കിറ്റുകൾ ജില്ല ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. ഡയാലിസിസിനുള്ള വെള്ളം നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തേണ്ടതുണ്ട്. ഈ പരിശോധനയിലാണ് വെള്ളത്തിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുന്ന ഘടകങ്ങളുടെ സാനിധ്യം കണ്ടെത്തിയത്. വെള്ളമെടുക്കുന്ന കിണറ്റിലും ആശുപത്രി ടാങ്കുകളിലും ജലശുദ്ധീകരണം നടത്തി വീണ്ടും പരിശോധിച്ചപ്പോഴും പിന്നീട് ജല അതോറിറ്റിയുടെ വാട്ടർ കണക്ഷനെടുത്ത് വെള്ളം പരിശോധിച്ചപ്പോഴും ഫലം തൃപ്തികരമായിരുന്നില്ല.
വീണ്ടും ജല ശുദ്ധീകരണം നടത്തി സാമ്പിൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ലാബിലേക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ്. ഫലം അനുകൂലമായ ശേഷമേ ജില്ല ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം തുറന്നു പ്രവർത്തിക്കുകയുള്ളൂ. ജില്ല പഞ്ചായത്ത് പ്രസിഡൻറും ആശുപത്രി മാനേജിങ് കമ്മറ്റി ചെയർമാനുമായ പി.എ. ജബ്ബാർ ഹാജി വ്യാഴാഴ്ച ജില്ല ആശുപത്രിയിലെത്തി നിലവിൽ ഡയാലിസിസ് ചെയ്തു വരുന്ന രോഗികളുടെ കാര്യങ്ങൾ അന്വേഷിച്ചു.
ബുധനാഴ്ച അടിയന്തരമായി വിളിച്ചു ചേർത്ത എച്ച് എം.സി യോഗത്തിൽ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. 2021 ലാണ് ഡയാലിസിസ് സെ ന്റർ പൂർണാർഥത്തിൽ പ്രവർത്തനം തുടങ്ങുന്നത്. 15,000ന് മുകളിൽ ഡയാലിസിസ് ഇതിനകം നടത്തി. അപേക്ഷ വാങ്ങി പരമാവധി നിർധനരെയാണ് പരിഗണിക്കാറ്. ജില്ല പഞ്ചായത്തിലടക്കം പുതിയ ഭരണസമിതി വന്നിട്ടും ആശുപത്രിക്ക് പുതിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) രൂപവത്കരണം നീളുകയാണ്.
ഡയാലിസിസ് ഏറ്റെടുത്ത് രോഗികൾക്ക് സി.എച്ച്. സെന്ററിന്റെ കൈത്താങ്ങ്
പെരിന്തൽമണ്ണ: വെള്ളം ശുദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല ആശുപത്രിയിൽ ഡയാലിസിസ് നിർത്തിയതോടെ പ്രതിസന്ധിയിലായ രോഗികൾക്ക് പെരിന്തൽമണ്ണ സി.എച്ച് സെന്ററിന്റെ കൈത്താങ്ങ്. സ്വകാര്യ ആശുപത്രികളിൽ അഭയം തേടിയ രോഗികളുടെ ഡയാലിസിസ് ചെലവ് വ്യാഴാഴ്ച മുതൽ പെരിന്തൽമണ്ണ സി.എച്ച്. സെന്റർ വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പണച്ചെലവില്ലാതെ സി.എച്ച്. സെന്റർ ഇതിനായി മുന്നോട്ടുവരണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചത് സി.എച്ച്. സെന്റർ ഭാരവാഹികൾ സ്വീകരിക്കുകയായിരുന്നു.
എച്ച്.എം.സി കൂടി അംഗീകരിച്ച സാഹചര്യത്തിൽ മാനേജിങ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. 31 ഡയാലിസിസ് രോഗികൾക്ക് പ്രയോജനം ലഭിക്കുമെന്ന് സി.എച്ച്. സെൻറർ ജനറൽ സെക്രട്ടറി അഡ്വ. എ.കെ. മുസ്തഫ അറിയിച്ചു. യോഗത്തിൽ സി.എച്ച്. സെന്ററിന്റെ മറ്റു ഭാരവാഹികളായ എം.എസ്. അലവി, എ.കെ. നാസർ, അഡ്വ. എസ്. അബ്ദുസ്സലാം, മാനുപ്പ കുറ്റീരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

