ജില്ല അതിർത്തികളിൽ വാറ്റ് ചാരായം; 20 ലിറ്ററുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സുധീഷ്, അബ്ദുൽ മുനീർ
പെരിന്തൽമണ്ണ: മലപ്പുറം-പാലക്കാട് ജില്ല അതിർത്തികൾ കേന്ദ്രീകരിച്ച് ചാരായം വാറ്റി വിൽപനക്കെത്തിക്കുന്ന സംഘങ്ങൾ സജീവം. 20 ലിറ്റർ വാറ്റുചാരായവുമായി രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീകൃഷ്ണപുരം കോട്ടപ്പുറം സ്വദേശി കല്ലുവെട്ടുകുഴി സുധീഷ് (29), നാട്ടുകൽ താഴെ അരിയൂർ സ്വദേശി കുറ്റിക്കാട്ടിൽ അബ്ദുൾ മുനീർ (32) എന്നിവരാണ് അറസ്റ്റിലായത്. ജില്ല അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചാരായം വാറ്റു നടക്കുന്നതും വിൽക്കുന്നതും സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഡിവൈ.എസ്.പി കെ.എം. ദേവസ്യ, സി.ഐ. സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ശ്രീജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തിയ 20 ലിറ്റർ വാറ്റുചാരായവുമായി രണ്ടുപേർ പിടിയിലായത്.
ലോക്ഡൗണിെൻറ ഭാഗമായി മദ്യനിരോധനം ഏർപ്പെടുത്തിയതോടെ ഇത്തരത്തിൽ അനധികൃത വാറ്റ് കേന്ദ്രങ്ങളിൽ നിർമിക്കുന്ന വാറ്റ് ചാരായം ലിറ്ററിന് 1300 രൂപ മുതൽ വിലയ്ക്കാണ് കുപ്പികളിലാക്കി വിൽക്കുന്നത്.
പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാരായ നിർമാണ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു. മറ്റു സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായും പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു. എ.എസ്.ഐ കെ. സുകുമാരൻ, ബൈജു, മുഹമ്മദ് ഫൈസൽ, ജില്ല ആൻറി നാർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, പ്രശാന്ത് പയ്യനാട്, എം. മനോജ്കുമാർ, സജീർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.