ആലിപ്പറമ്പിൽ ആത്മവിശ്വാസം കരുത്താക്കി യു.ഡി.എഫ്
text_fieldsപെരിന്തൽമണ്ണ: ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ മികച്ച ഭൂരിപക്ഷത്തിൽ ഭരണത്തിലേറാറുള്ള യു.ഡി.എഫ് ആത്മവിശ്വാസം കരുത്താക്കിയാണ് മത്സരക്കളത്തിൽ. അധികാര കൈമാറ്റം സംബന്ധിച്ച് നീണ്ട തർക്കങ്ങളും അവക്ക് ശേഷം അവിശ്വാസപ്രമേയവും പാർട്ടി മെംബർമാർ രണ്ടായി പിരിയുകയും ചെയ്തതാണ് ആലിപ്പറമ്പിലെ സമീപകാല ചരിത്രം. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പേ തീയും പുകയും കെട്ടടങ്ങി.
കക്ഷിനില
ആകെ വാർഡ് 21- മുസ്ലിം ലീഗ് 13- കോൺഗ്രസ് ഒന്ന് - സി.പി.എം ഏഴ്
ലീഗ് ജില്ല നേതാക്കൾ കൂട്ടത്തോടെ പങ്കെടുത്ത ഒന്നിലേറെ കൺവെൻഷനുകൾ നടത്തിയും തർക്കങ്ങൾ പരമാവധി തീർപ്പാക്കിയുമാണ് ഇവിടെ ലീഗ് മത്സര കളത്തിലിറങ്ങുന്നത്. ഈ കെട്ടുറപ്പിൽ ഇനിയും വിള്ളൽ വീഴ്ത്താനാവുമോ എന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. തുടർച്ചയായി യു.ഡി.എഫ് ഭരിച്ചുവന്നതാണ് ഈ പഞ്ചായത്ത്. 21 വാർഡുള്ളത് ഇത്തവണ 24 ആയി. 17 സ്ഥലത്ത് മുസ്ലിം ലീഗും ഏഴിടത്ത് കോൺഗ്രസും യു.ഡി.എഫിൽ ജനവിധി തേടുന്നു.
എൽ.ഡി.എഫിൽ 23 വാർഡിൽ സി.പി.എമ്മും ആനമങ്ങാട് വാർഡിൽ സി.പി.ഐയും മത്സരിക്കുന്നു. മുൻവർഷം ഏഴിടത്ത് മത്സരിച്ച കോൺഗ്രസ് ആലിപ്പറമ്പ് വാർഡിലേ വിജയിച്ചുള്ളൂ. 13 വാർഡിൽ ലീഗിനായിരുന്നു വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ മുസ്ലിം ലീഗിനായിരുന്നു. പഴയ വാർഡുകളായ ചെത്തനാംകുർശി, വാളാംകുളം, എടായിക്കൽ, കൊടക്കാപറമ്പ്, തെക്കേപുറം, പാറൽ, മുഴന്നമണ്ണ എന്നിങ്ങനെ ഏഴു വാർഡുകളിലാണ് സി.പി.എം വിജയിച്ചത്.
വികസനം
രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കിയാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ യു.ഡി.എഫ് നടപ്പാക്കിയ വികസന പദ്ധതികൾ, വിദ്യാർഥികളിൽ എ.ഐ സംവിധാനത്തെ ഫലപ്രദമായി പരിചയപ്പെടുത്താൻ ശ്രമിച്ച ദീർഘകാല പദ്ധതി, അടിസ്ഥാന വികസന രംഗത്തും പശ്ചാതല മേഖലയിലും മറ്റു ഫണ്ടുകൾ കൂടി ലഭ്യമാക്കി വരുത്തിയ മാറ്റങ്ങൾ.. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ട് തേടുന്നത്. മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വം തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.
അതേസമയം, യു.ഡി.എഫിലും മുസ്ലിം ലീഗിലും തുടക്കം മുതൽ നിലനിന്ന ആഭ്യന്തര കലഹങ്ങളും തർക്കങ്ങളും കാരണം പഞ്ചായത്തിൽ വികസനം മുരടിച്ചുകിടക്കുകയാണെന്നും എടുത്തുകാണിക്കാൻ കാര്യമായൊന്നുമില്ലെന്നുമാണ് ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നത്.
മുൻ ഭരണസമിതിയിലെ ആറുപേർ
മുൻ യു.ഡി.എഫ് ഭരണസമിതിയിലെ അഞ്ചുപേരും എൽ.ഡി.എഫിലെ ഒരാളുമടക്കം ആറുപേർ പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കുമായി ഇത്തവണയും മത്സര രംഗത്തുണ്ട്. ഇതിൽ ശ്രദ്ധേയമാണ് മുൻ വൈസ് പ്രസിഡന്റ് കെ. ഷീജമോളുടെ വാർഡ്. ഷീജമോൾ നേരത്തെ പാലോളിപ്പറമ്പിൽ നിന്നാണ് വിജയിച്ചത്. ഇത്തവണ മുൻ പ്രസിഡന്റ് കെ.ടി. അഫ്സലിന്റെ വാർഡായ എടത്തറയിലാണ്. സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. നവാസ് വാർഡ് 12 പള്ളിക്കുന്നിലും നേരത്തെ ആനമങ്ങാട് അംഗമായിരുന്ന രാജു എന്ന രാജേഷ് വാർഡ് എട്ട് വട്ടപ്പറമ്പിലും മത്സരിക്കുന്നു.മുൻ ഇടത് മെംബർ അമ്പിളി വാർഡ് മൂന്ന് വാളാംകുളത്തും മത്സരിക്കുന്നു. ജനറൽ വാർഡാണിത്. ഇവർ നാലുപേർ കൂടാതെ ബ്ലോക്ക് പഞ്ചായത്തിലേക്ക് മുൻ പഞ്ചായത്ത് അംഗം വാഹിദ ആലിപ്പറമ്പ് ബ്ലോക്ക് ഡിവിഷനിലും സഫ് വാന തൂത ഡിവിഷനിലും മത്സരിക്കുന്നുണ്ട്.
സംഘടന നടപടികളും അവിശ്വാസവും
ഏലംകുളം ഗ്രാമപഞ്ചായത്ത് പോലെ ആലിപ്പറമ്പും ഇടക്ക് വാർത്തകളിൽ ഇടംനേടി. ഇവിടെ 21ൽ 14 അംഗങ്ങളുടെ മികച്ച ഭൂരിപക്ഷത്തിൽ ഭരണം നേടിയ ശേഷം ഒരുവർഷം കഴിഞ്ഞ് പ്രസിഡന്റ് പദത്തിൽ ലീഗ് ധാരണ പ്രകാരം നേതൃമാറ്റം വരുത്തി. അത് കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞ് വീണ്ടും നേതൃമാറ്റ ശ്രമം വലിയ തർക്കങ്ങളിലേക്ക് നീങ്ങി. ലീഗിന്റെ 13 അംഗങ്ങളെ ആറും ഏഴുമാക്കി രണ്ടു തട്ടിലാക്കി. ഭരണം ഒഴിയാതിരുന്ന പ്രസിഡന്റിനെതിരെ ലീഗ് അവിശ്വാസം കൊണ്ടുവന്നു. സി.പി.എം അംഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാതെ അവിശ്വാസ പ്രമേയ ചർച്ചയോ വോട്ടെടുപ്പോ നടക്കാതെപോയി. പാർട്ടി നീക്കാൻ ശ്രമിച്ചവർ തന്നെ ശേഷിച്ച കാലം ഭരണത്തിൽ തുടർന്നു. ഇത് ആലിപ്പറമ്പിലെ മുസ്ലിം ലീഗിൽ താഴേത്തട്ടിൽ ഭിന്നത രൂക്ഷമാക്കി. എന്നാൽ, പലവട്ടം ജില്ല നേതാക്കൾ ഫലപ്രദമായി ഇടപെട്ട് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി വിഷയങ്ങൾ പറഞ്ഞു തീർത്തു. ഇത് എത്രത്തോളം തീർന്നെന്ന് തെരഞ്ഞെടുപ്പിൽ വ്യക്തമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

