നിർമാണ ജോലികൾക്ക് കൂലി സ്വയം നിശ്ചയിച്ച് അതിഥി തൊഴിലാളികൾ; പരമാവധി കൂലി കണക്കാക്കി കരാറുകാരുടെ ബോർഡ്
text_fieldsഅന്തർസംസ്ഥാന തൊഴിലാളികൾക്ക് കൂലി നിശ്ചയിച്ച് കരാറുകാർ സ്ഥാപിച്ച ബോർഡ്
പെരിന്തൽമണ്ണ: അന്തർസംസ്ഥാന തൊഴിലാളികൾ കൂലി കൂട്ടിച്ചോദിച്ചതോടെ നിർമാണ മേഖല പ്രതിസന്ധിയിൽ. 800 രൂപയും 900 രൂപയും വരെ നൽകിയിരുന്ന കൂലി 1200 മുതൽ 1400 വരെ ചോദിക്കുന്ന സ്ഥിതിയാണ്. കരാറെടുത്ത് കെട്ടിടം നിർമിക്കുന്നവർക്ക് താങ്ങാനാവാത്തതാണ് ഈ വേതനം. ഇത്തരത്തിൽ തർക്കങ്ങളുള്ള മറ്റു ഭാഗങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളും പൊലീസും ലേബർ വകുപ്പും സംയുക്തമായി തൊഴിലാളികളുമായി ചർച്ച നടത്തി നൽകാവുന്ന പരാവധി വേതനം കണക്കാക്കിയിട്ടുണ്ടെന്ന് കരാറുകാർ ചൂണ്ടിക്കാട്ടുന്നു.
കൽപണിക്കാരന് 1100 രൂപയും ഹെൽപർക്ക് 950 രൂപയും നിശ്ചയിക്കണമെന്നും അതിലേറെ കൂലി നൽകുന്നത് കരാർ മേഖലയെ ബാധിക്കുമെന്നും കാണിച്ച് പെരിന്തൽമണ്ണയിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അതിലേറെ കൂലി കൊടുക്കേണ്ടി വന്നാൽ കരാറുകാർക്ക് നിരക്ക് ഉയർത്തേണ്ടി വരുമെന്നും ബോർഡിൽ ഓർമപ്പെടുത്തുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ അന്തർസംസ്ഥാന തൊഴിലാളികൾ താമസിച്ച് തൊഴിലെടുക്കുന്ന പ്രദേശങ്ങളിലൊന്നാണ് പെരിന്തൽമണ്ണ. 3000ത്തിലധികം തൊഴിലാളികൾ ഇവിടെയുണ്ട്. ലേബർ ഏജന്റുമാരാണ് ഇവരെ വിവിധ തൊഴിൽ കേന്ദ്രങ്ങളിലേക്ക് അയക്കുന്നത്. എന്നാൽ, അന്തർസംസ്ഥാന തൊഴിലാളികൾ ഇടനിലക്കാരെ ഒഴിവാക്കി കൂലി സ്വയം നിശ്ചയിക്കുകയാണിപ്പോൾ. കാലവർഷം ശക്തി പ്രാപിക്കുംമുമ്പ് തീർക്കേണ്ട കെട്ടിടനിർമാണം, റോഡ്പണി എന്നിവക്ക് വർധിച്ച വേതനം നൽകിയാണ് തൊഴിലാളികളെ വിളിക്കുന്നത്.
നേരത്തെ നൽകിവന്നതിനേക്കാൾ 200 രൂപവരെ ഒരാളുടെ ഒരു ദിവസത്തെ തൊഴിൽകൂലി വർധിക്കുന്ന സ്ഥിതിയാണെന്നും പറയുന്നു. വർധിപ്പിച്ച കൂലി അന്തർസംസ്ഥാന തൊഴിലാളികൾക്ക് നൽകിയാൽ തദ്ദേശീയ തൊഴിലാളികൾക്ക് അതിനേക്കാൾ നൽകേണ്ടിയുംവരും. തൊഴിലാളികളെ വിളിച്ചാൽ തൊഴിൽകേന്ദ്രത്തിലെത്താനുള്ള യാത്രാനിരക്ക്, രണ്ടുസമയത്തെ ഭക്ഷണം എന്നിവ കണക്കാക്കിയാണ് കൂലി. ഇതുപ്രകാരം കെട്ടിടനിർമാണം കരാറെടുത്തവർക്ക് നഷ്ടമില്ലാതെ പണി പൂർത്തിയാക്കാനാവാത്ത സ്ഥിതിയാണ്. അന്തർസംസ്ഥാന തൊഴിലാളികളെ ഒഴിവാക്കിയാൽ ആവശ്യത്തിന് തദ്ദേശീയ തൊഴിലാളികളെ കിട്ടാൻ പ്രയാസമാണ്. തൊഴിലാളികളെ കിട്ടിയാൽ ഇതിലേറെ കൂലി നൽകണം. സമയത്തിന് തീർക്കാനാവാത്ത സ്ഥിതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

