പെരിന്തൽമണ്ണ: കോവിഡ് ചികിത്സാരംഗത്തുള്ള ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ, എൻജിനീയറിങ് വിദ്യാർഥികളുടെ സ്റ്റാർട്ടപ് സംരംഭമായ ഹംബോട്ട് ടെക് നിർമിച്ച റോബോട്ടും. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലാണ് ഇത് സ്ഥാപിച്ചത്.
രോഗികൾക്ക് ഭക്ഷണം, മരുന്നുകൾ എന്നിവ എത്തിക്കാനാണ് ദേശീയ ആരോഗ്യ ദൗത്യത്തിെൻറ ഫണ്ടിങ് ഉപയോഗിച്ച് സംവിധാനമൊരുക്കിയത്. മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ച് നിയന്ത്രിക്കാം. മനുഷ്യ സ്പർശനമില്ലാതെ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്കാണ് രോബോട്ടിെൻറ ഗുണം ലഭിക്കുക.
പെരിന്തൽമണ്ണ എം.ഇ.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥികളാണിതിന് പിന്നിൽ. വാർഡിൽ കോവിഡ് രോഗികൾക്കിടയിലേക്ക് ഒാട്ടോമാറ്റിക്കായി മരുന്നും ഭക്ഷണവും അടങ്ങുന്ന ട്രേ എത്തും. മുക്കാൽ മീറ്റർ ഉയരവും വീതിയും ഒരു മീറ്റർ നീളവും വരുന്ന പെട്ടിയുടെ ആകൃതയിലാണിത്.
ഒരേസമയം 800 മീറ്റർ മുതൽ ഒരു കി.മീ വരെ സഞ്ചരിക്കാൻ ശേഷിയുണ്ട്. പ്രത്യേക കാമറകളും സൗണ്ട് സംവിധാനവുമുള്ളതിനാൽ രോഗികൾക്ക് ആവശ്യമായ നിർദേശങ്ങളും നൽകാം. എൻജിനീയറിങ് കോളജിലെ അസി. പ്രഫ. എൻ. രാജീവ്, എൻ.എസ്.എസ് കോഒാഡിനേറ്റർ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ കോളജിലെ ഹംബോ ടെക് വിഭാഗമാണ് നിർമാണത്തിന് പിന്നിൽ.
അരലക്ഷം രൂപ ഇതിനായി ചെലവിട്ടു. മുഹമ്മദ് മൻസൂർ, മുഹമ്മദ് ഷക്കീർ, മുഹമ്മദ് ഉവൈസ്, അംജിദ് മരത്തുംപള്ളി, അമീർ സുഹൈൽ, മുനവ്വിറലി, മുഹമ്മദ് നിയാസ്, ഹസ്സൻ റിസ്വാൻ എന്നിവരാണ് ശിൽപികൾ. യന്ത്രം കയറ്റിനിർത്താൻ പാകത്തിലുള്ള കൂടാരം സ്വയം ഉയരുകയും കയറിക്കഴിഞ്ഞാൽ കൂടാരം താഴുകയും ചെയ്യും. ചൊവ്വാഴ്ച രാവിലെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. അമാനുല്ല, ആർ.എം.ഒ ഡോ. അബ്ദുൽ റസാഖ് എന്നിവരുടെ സാന്നിധ്യത്തിൽ റോബോട്ടിെൻറ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.