പെരിന്തൽമണ്ണ മണ്ഡലം; 38 വോട്ടിന്റെ ഭൂരിപക്ഷം വഴിമാറി; 17,000ന്
text_fieldsപ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് നാലര വർഷമാവുമ്പോൾ യു.ഡി.എഫിന്റെ വോട്ട് നിലയിൽ വൻ വ്യത്യാസം വന്നതാണ് അനുഭവം. പെരിന്തൽമണ്ണ നഗരസഭയിലും ആറു ഗ്രാമ പഞ്ചായത്തുകളിലുമായി യു.ഡി.എഫിന് 96,206 വോട്ടായി. എൽ.ഡി.എഫ് 79,373 ൽ ഒതുങ്ങി. 16,833 വോട്ട് ഭൂരിപക്ഷം. മാത്രമല്ല, പെരിന്തൽമണ്ണ നഗരസഭയിൽ മാത്രം 4,941 വോട്ട് അധികം നേടി സി.പി.എമ്മിൽനിന്ന് നഗരസഭ പിടിച്ചെടുക്കുകയും ചെയ്തു. പുലാമന്തോൾ, ഏലംകുളം, താഴേക്കോട്, മേലാറ്റൂർ പഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചെടുത്തു. ആലിപ്പറമ്പ്, വെട്ടത്തൂർ എന്നിവിടങ്ങളിൽ ഭരണം നിലനിർത്തുകയും ചെയ്തു. 163 ൽ 102 വാർഡിലും യു.ഡി.എഫ് സഖ്യമാണ് വിജയിച്ചത്.
ഒരു കാലത്തും ഇല്ലാത്ത വിധമാണ് മുന്നേറ്റം. 2021ൽ നജീബ് കാന്തപുരം (മുസ് ലിം ലീഗ്) നേടിയത് 76,530 വോട്ടാണ്. ഇടത് സ്വതന്ത്രൻ കെ.പി.എം മുസ്തഫ 76,492 വോട്ടും നേടി. അഞ്ചു വർഷം മുമ്പു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിനേക്കാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വർധിച്ചത് 2881 വോട്ടാണെങ്കിൽ യു.ഡി.എഫിന് കൂടിയത് 19,676 വോട്ടാണ്. വർധിച്ച വോട്ട് ബലത്തിൽ മണ്ഡലം യു.ഡി.എഫിന് സുരക്ഷിത കേന്ദ്രമാണെന്ന വിശ്വാസത്തിലാണവർ.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം എം.എൽ.എ തെരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് കാലത്ത് വീടുകളിലെത്തി ഉദ്യോഗസ്ഥർ വയോധികരെ കൊണ്ടും രോഗികളെ കൊണ്ടും ചെയ്യിപ്പിച്ച സ്പെഷൽ തപാൽ വോട്ടിൽ 348 വോട്ട് അസാധുവാക്കിയതാണ് ഈ മണ്ഡലത്തിലെ കോടതി കയറിയ തർക്കം. ഇത് കോടതി തീർപ്പാക്കിയതാണ്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പു വോട്ട് എണ്ണി കഴിഞ്ഞപ്പോൾ ഒരു കാലത്തും ഇല്ലാത്ത വിധം 17,000 വോട്ടിന്റെ ഭൂരിപക്ഷം യു. ഡി. എഫി ന് ലഭിച്ചു.
പെരിന്തൽമണ്ണ നഗരസഭയിലും നിയോജകമണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും യു.ഡി.എഫിനാണിനി ഭരണം. ആദ്യമായാണ് ഈ നേട്ടം. പെരിന്തൽമണ്ണ നഗരസഭ, പുലാമന്തോൾ, ഏലംകുളം, താഴേക്കോട്, മേലാറ്റൂർ എന്നിവിടങ്ങളിൽ എൽ. ഡി. എഫിൽ നിന്ന് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു.
ആലിപ്പറമ്പ്, വെട്ടത്തൂർ എന്നിവിടങ്ങളിൽ ഭരണം നിലനിർത്തുകയും ചെയ്തു. 163 ൽ 102 വാർഡിലും യു.ഡി.എഫ് സഖ്യമാണ് വിജയിച്ചത്. പെരിന്തൽമണ്ണ നഗരസഭയിൽ മാത്രം 4941 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നജീബ് കാന്തപുരം എം.എൽ.എ മണ്ഡലത്തിൽ മുഴുവൻ പഞ്ചായത്തുകളിലും ഇറങ്ങുകയും നഗരസഭയിൽ രണ്ടു ദിവസം 30 ൽ പരം മാരത്തോൺ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത് പ്രചാരണത്തിന് നേതൃത്വം നൽകുകയും ചെയ്തു.
പെരിന്തൽമണ്ണ നഗരസഭ ആദ്യമായാണ് യു.ഡി.എഫ് ഭരിക്കുക. 37 ൽ 21 അംഗങ്ങളുടെ ഭൂരിപക്ഷമാണ് ഇവിടെ. സി.പി.എം ഭരിച്ചു വന്ന താഴേക്കോട് 24ൽ 16 വാർഡ് നേടി ഭരണം പിടിച്ചു. ഏലംകുളത്ത് 18 ൽ 10 വാർഡും പുലാമന്തോളിൽ 23 ൽ 12 വാർഡും മേലാറ്റൂരിൽ 18ൽ 12 വാർഡും നേടിയാണ് യു.ഡി.എഫ് അജയ്യത തെളിയിച്ചത്. യു.ഡി. എഫ് ഭരിച്ചുവന്ന ആലിപ്പറമ്പും വെട്ടത്തൂരും അംഗബലം വർധിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

