ഡോക്ടറില്ല; ജില്ല ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങിയില്ല
text_fieldsപെരിന്തൽമണ്ണ: ഡോക്ടർമാരുടെ കുറവ് കാരണം ചികിത്സ മുടങ്ങുന്നതടക്കമുള്ള പരാതികൾ നിരന്തരം ഉയരുന്ന പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഇതുവരെ പനി ക്ലിനിക്ക് തുടങ്ങിയില്ല. ഡോക്ടറില്ലാത്തതാണ് പ്രശ്നം. ഡെങ്കിപ്പനിയും മറ്റു പകർച്ച രോഗങ്ങളും വർധിച്ചതോടെ മെഡിക്കൽ കോളജുകളിലും ജില്ല, ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും പനിക്ലിനിക്ക് തുടങ്ങാൻ ആരോഗ്യ മന്ത്രി പത്തു ദിവസം മുമ്പ് നിർദേശിച്ചതാണ്.
ഡെങ്കിപ്പനിയും മരണവും കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിലും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നിരിക്കെയാണ് പനി ക്ലിനിക്കുപോലും തുടങ്ങാത്ത അനാസ്ഥ. ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമം ഇത്രയേറെ അനുഭവിക്കുന്ന സ്ഥാപനത്തിൽനിന്ന് പൊലീസ് സർജൻ, രണ്ട് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാർ എന്നിവരടക്കം നാലു ഡോക്ടർമാർ ഹജ്ജ് ഡ്യൂട്ടിക്ക് പോയിട്ടുണ്ട്. ഇത് വീഴ്ചയാണെന്നും ആശുപത്രിയിൽ പകരം സംവിധാനമേർപ്പെടുത്താതെയാണ് ഡി.എം.ഒ ഇവരുടെ ഡെപ്യൂട്ടേഷന് ശിപാർശ നൽകിയതെന്നും ആശുപത്രി സന്ദർശിച്ച ജനപ്രതിനിധികൾ കുറ്റപ്പെടുത്തി.