പതിനെട്ടുവരെ കാത്ത് ജന്മദിനത്തിന് രക്തം നൽകി മുഹമ്മദ് റിനാസ്
text_fieldsപെരിന്തൽമണ്ണ: ജന്മദിനത്തിൽ രക്തബാങ്കിലെത്തി ജീവരക്തം പകുത്തുനൽകി 18കാരൻ. അലനല്ലൂർ കാട്ടുകുളം സ്വദേശിയായ റഹീമിെൻറയും ജസീറയുടെയും മൂത്ത മകൻ മുഹമ്മദ് റിനാസ് എന്ന റിനുവാണ് രക്തദാനമെന്ന ഏറക്കാലത്തെ ആഗ്രഹം ജന്മദിനത്തിൽ സഫലമാക്കിയത്. ജീവെൻറ തുടിപ്പിനായി രക്തദാനം നടത്താൻ റിനുമോൻ ഒരുപാട് കാലമായി ആഗ്രഹിച്ചതാണ്. എന്നാൽ, പ്രായം തടസ്സമായി.
ജന്മദിനത്തിൽ ശനിയാഴ്ച പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ രക്തബാങ്കിൽ എത്തുകയായിരുന്നു. നന്മനിറഞ്ഞ സേവനപ്രവർത്തനത്തിന് സന്നദ്ധനായി സഹോദരനായ റാഷിദുമായാണ് മുഹമ്മദ് റിനാസ് എന്ന പ്ലസ് ടുക്കാരൻ എത്തിയത്. രക്തബാങ്കിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ രക്തമില്ലാത്തത് സംബന്ധിച്ച അറിയിപ്പുകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കാണുമ്പോൾ ഏറെ പ്രയാസമറിയിച്ചിരുന്നു. തണലോരം സന്നദ്ധസംഘടന പ്രവർത്തകനായ മുഹമ്മദ് റിനാസിന് രക്തബാങ്ക് അധികൃതർ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.

