കൊടികുത്തി മലയിൽ 300ലധികം ഇനം ജീവിവർഗങ്ങൾ; റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകൊടികുത്തി മലയിൽ ബയോബ്ലിറ്റ്സ് പരിപാടിയിൽ പങ്കെടുത്ത സംഘാംഗങ്ങൾ
കാവടത്തിനു മുമ്പിൽ
പെരിന്തൽമണ്ണ: പരിസ്ഥിതി-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊടികുത്തിമലയിൽ സ്റ്റിയർ സംഘടിപ്പിച്ച ഏകദിന ബയോബ്ലിറ്റ്സ് പരിപാടി സമാപിച്ചു. മൂന്ന് മണിക്കൂർ നീണ്ട അതിവേഗ ഫീൽഡ് സർവേയിലൂടെ 300ലധികം ജീവജാലങ്ങളെ രേഖപ്പെടുത്തി. പഠന റിപ്പോർട്ട് നിലമ്പൂർ സൗത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ധനിക് ലാലിന് കൈമാറി. വിദ്യാർഥികൾ, ഗവേഷകർ, പ്രകൃതി സ്നേഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരടക്കം 38 പേർ സർവേയിൽ പങ്കെടുത്തു.
സർവേയിൽ 100ലധികം ചിത്രശലഭ ഇനങ്ങളെ രേഖപ്പെടുത്തി. കൊടികുത്തിമലയിൽ സമൃദ്ധമായ ജീവ കീടജാലവും സസ്യ വൈവിധ്യവും നിലനിൽക്കുന്നുവെന്നും വ്യക്തമായി. 24 ഇനങ്ങളുള്ള തുമ്പികളെയും കണ്ടെത്തി. ഇതിനുപുറമെ 62ലധികം പക്ഷിനിരീക്ഷണങ്ങളും രേഖപ്പെടുത്തി. ഇതോടെ പുൽമേടുകൾ, വനഭാഗങ്ങൾ, ജലപരിസരങ്ങൾ എന്നിവ സംയോജിക്കുന്ന കൊടികുത്തിമല ഒരു പ്രധാന പക്ഷിവാസകേന്ദ്രമാണെന്നും വ്യക്തമായി.
സസ്യങ്ങൾ, ഉഭയജീവികൾ, ഉരഗജീവികൾ, എട്ടുകാലികൾ, തേനീച്ച തുടങ്ങിയവയുടെ സജീവ സാന്നിധ്യവും രേഖപ്പെടുത്തിയിട്ടുണ്ട്. രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊടികുത്തിമല ഒരു പ്രാദേശിക ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആണെന്ന നിഗമനത്തിൽ സർവേ സംഘം എത്തി. അതിവേഗ ജൈവവൈവിധ്യ പട്ടിക തയാറാക്കുന്നതോടൊപ്പം വിദ്യാർഥികളിലും യുവതലമുറയിലും പരിസ്ഥിതി ബോധം വളർത്തുകയുമാണ് ബയോബ്ലിറ്റ്സ് പരിപാടിയുടെ ലക്ഷ്യമെന്ന് സ്റ്റിയർ പ്രതിനിധികൾ പറഞ്ഞു. വൈവിധ്യമാർന്ന ഭൂപ്രകൃതി, വന-പുൽമേട് സംയോജിത മേഖലകൾ, ജലബന്ധിത ആവാസവ്യവസ്ഥകൾ എന്നിവ കാരണം കൊടികുത്തിമലക്ക് വലിയ സംരക്ഷണ പ്രാധാന്യമുണ്ടെന്ന് പരിപാടിയുമായി ബന്ധപ്പെട്ട പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടി. ഡോ. കാലേഷ് സദാശിവൻ, വിനയൻ പി. നായർ, ഡോ. അനൂപ് എന്നിവർ നൽകിയ അക്കാദമികവും അനുഭവസമ്പന്നവുമായ മാർഗനിർദേശമാണ് സർവേക്ക് ശാസ്ത്രീയ കൃത്യത ഉറപ്പാക്കിയത്.
നിലമ്പൂർ സൗത്ത് ഡി. എഫ്. ഒ ധനിക് ലാലന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി. രാജീവ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്. അരുൺദേവ് എന്നിവർ സംബന്ധിച്ചു. സ്റ്റിയർ ഭാരവാഹികളായ സുഭാഷ് പുളിക്കൽ, ബർണാഡ് എം. തമ്പാൻ, ശബരി ജാനകി, ബ്രിജേഷ് പൂക്കോട്ടൂർ, അമൃത, ആനന്ദ് എന്നിവർ നേതൃത്വം നൽകി. ഡോ. റജീന പള്ളിയാലിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

