ക്രഷർ ഭൂമിയിൽ വൻതോതിൽ മാലിന്യം കുഴിച്ചുമൂടുന്നു
text_fieldsകുഴിച്ചുമൂടാനായി ക്രഷർ ഭൂമിയിൽ വൻതോതിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു
പെരിന്തൽമണ്ണ: അശാസ്ത്രീയമായ രീതിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് മണ്ണിട്ട് മൂടുന്നതായി ജനപ്രതിനിധികൾ പെരിന്തൽമണ്ണ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. മാനത്തുമംഗലത്തെ സ്വകാര്യ ക്രഷർ പ്രവർത്തിക്കുന്ന ഭാഗത്ത് ആശുപത്രിയിലെ മാലിന്യങ്ങളും കാന്റീനിലെ ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ളവ വലിയ കുഴിയെടുത്ത് മൂടുന്നതായാണ് വാർഡ് കൗൺസിലർമാരായ കിഴിശേരി അലീന മറിയം, റജീന സലീം താമരശേരി, സമീന ജാഫർ എന്നിവർ പരാതി നൽകിയത്. മാലിന്യം നിറച്ച് കെട്ടിയ പ്ലാസ്റ്റിക് കവറുകൾ വലിയ കുഴിയെടുത്ത് തള്ളിയ ചിത്രവും വീഡിയോ ദൃശ്യവുമടക്കമാണ് പരാതി നൽകിയത്. സമീപവാസികൾ അറിയിച്ചത് പ്രകാരമാണ് ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചത്.
മാനത്തുമംഗലം, കുന്നുംപുറം തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ വീടുകളിലെ കിണറുകളിലേക്ക് മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളത്തിൽ ഇത്തരം മാലിന്യങ്ങൾ കലരാനുള്ള സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. മാലിന്യം കലർന്ന വെള്ളം കിണറുകളിലെ കുടിവെള്ളത്തിൽ എത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണി ഉയർത്തുന്ന വിഷയത്തിൽ അധികൃതർ അടിയന്തര സ്ഥലപരിശോധന നടത്തി മാലിന്യം നീക്കം ചെയ്യുന്നതിനും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് മാനത്തുമംഗലം കുന്നുംപുറം പ്രദേശവാസികൾ.
കുഴിച്ചു മൂടിയത് ആശുപത്രി ഭക്ഷ്യമാലിന്യങ്ങൾ മാത്രമെന്ന്
പെരിന്തൽമണ്ണ: ആശുപത്രിയിലെ രാസ മാലിന്യങ്ങളോ ബയോവേസ്റ്റോ കുഴിച്ചു മൂടിയിട്ടില്ലെന്നും സാധാരണ ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ളവ മാത്രമാണ് കുഴിച്ചുമൂടിയതെന്നും നാലകത്ത് ഗ്രാനൈറ്റ് പ്രതിനിധി പറഞ്ഞു. ആശുപത്രി മാലിന്യം ഐ.എം.എ യുടെ നേതൃത്വത്തിലുള്ള സംസ്കരണ കേന്ദ്രത്തിലേക്കാണ് നൽകുന്നത്. അല്ലാത്ത മാലിന്യങ്ങൾ കൂടുതൽ ഉള്ളതിനാൽ നഗരസഭയുമായി കരാറുണ്ട്. ഇടക്കാലത്ത് കരാർ റദ്ദാവുകയും ഏതാനും ദിവസത്തെ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ആശുപത്രിയും കാന്റീനുമായതിനാൽ കുറഞ്ഞ ദിവസം കൊണ്ട് ഇത് കെട്ടിക്കിടന്നു. നഗരസഭ സെക്രട്ടറി തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും സംഭവത്തിന്റെ നിജസ്ഥിതി നഗരസഭക്കും അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

