അങ്കമുറയും ആയുധബലവുമായി വള്ളുവനാട്ടെ പോര്
text_fieldsപെരിന്തൽമണ്ണ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം ആലിപ്പറമ്പ് പഞ്ചായത്തിൽ വോട്ട് തേടുന്നു
പെരിന്തൽമണ്ണ: വള്ളുവനാടെന്നാണ് ദേശപ്പേര്. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറെ വേരോട്ടം വന്ന നാട്. പറഞ്ഞു തുടങ്ങിയാൽ പഴമയും പൈതൃകവും ആവോളമുണ്ട്. മണ്ഡലപുനർനിർണയത്തിന് ശേഷം ആർക്കും കൈപ്പിടിയിൽ ഭദ്രമെന്ന് പറയാനാവാത്ത മണ്ഡലം. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളെത്തിയതോടെ പോരാട്ടത്തിന് വഴിതുറന്നു. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലും ഇഞ്ചോടിഞ്ചു മത്സരം നടക്കുകയും നേരിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുകയും ചെയ്ത മണ്ഡലം തുടക്കത്തിലേ പോരാട്ടച്ചൂടിലാണ്. സിറ്റിങ് എം.എൽ.എ നജീബ് കാന്തപുരം തന്നെയാണ് യു.ഡി.എഫിൽ മത്സരിക്കുന്നത്.
മൂന്നുതവണ പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റായ വി.പി. മുഹമ്മദ് ഹനീഫയാണ് ഇടതുമുന്നണി സ്ഥാനാർഥി. മഞ്ചേരി കാരക്കുന്ന് സ്വദേശിയും മലപ്പുറം, പാലക്കാട് മേഖല ബി.ജെ.പി ട്രഷററുമായ കെ.പി. ബാബുരാജാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് മണ്ഡലത്തിൽ വലിയ വ്യക്തിബന്ധങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് നജീബ് കാന്തപുരം. പ്രതിപക്ഷ എം.എൽ.എ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ അനിവാര്യമായി നടക്കേണ്ട വികസനങ്ങൾ പലതും സർക്കാർ ഫയലിൽ കുരുങ്ങി. എന്നിരുന്നാലും എം.എൽ.എ ഫണ്ടും ബജറ്റ് വിഹിതവുമായി മണ്ഡലത്തിൽ റോഡ് നിർമാണവും പുനരുദ്ധാരണവും സർക്കാർ ഓഫിസുകളുടെ കെട്ടിട നിർമാണവും അടക്കം ഉയർത്തിക്കാട്ടിയാണ് വോട്ടുതേടൽ. അതേസമയം ഇടതുപക്ഷത്തിന് ബാലികേറാമലയല്ല പെരിന്തൽമണ്ണ.
2021ൽ യു.ഡി.എഫ് 76,530 വോട്ടും എൽ.ഡി.എഫ് സ്വതന്ത്രന് 76,492 വോട്ടും കിട്ടി. സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടിന്റെ വ്യത്യാസം. 2016ൽ മഞ്ഞളാംകുഴി അലിയും വി. ശശികുമാറും തമ്മിൽ തീപാറും പോരാട്ടമായിരുന്നു. 579 വോട്ടിന് അലിക്ക് ജയം. 2011ൽ അലിയുടെ ഭൂരിപക്ഷം 9,589 വോട്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണെങ്കിൽ രാഷ്ട്രീയ ചിത്രം ഏറെക്കുറെ ബലാബലമാണെന്ന് നിരീക്ഷിക്കാം. പുലാമന്തോൾ, താഴേക്കോട്, പഞ്ചായത്തുകളും പെരിന്തൽമണ്ണ നഗരസഭയും പൂർണമായും ഇടതിനൊപ്പമായിരുന്നു. മേലാറ്റൂരും ഏലംകുളവും തുല്യ ബലത്തിൽ നറുക്കെടുപ്പിൽ. ഇവയെല്ലാം ഇത്തവണ യു.ഡി.എഫാണ് ഭരിക്കുന്നത്.
അവ കൂടാതെ ആലിപ്പറമ്പ്, വെട്ടത്തൂർ പഞ്ചായത്തുകൾ തുടർച്ചയായി യു.ഡി.എഫ് ഭരിച്ചുവരുന്നു. പാർലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് സ്ഥിതിയല്ല നിയമസഭ തെരഞ്ഞെടുപ്പിൽ ഇവിടെ കണ്ടുവരാറുള്ളത്. ബി.ജെ.പി നേടുന്ന വോട്ട് നിർണായകമാണ്. 2021ൽ സുചിത്ര മാട്ടട 8,021 വോട്ടും 2016ൽ അഡ്വ. എം.കെ. സുനിൽ 5917 വോട്ടും നേടി. നിഷ്പക്ഷ വോട്ടിലാണ് ഇരുമുന്നണി സ്ഥാനാർഥികളുടെയും കണ്ണ്. 2021ൽ അത് ഇടതു സ്ഥാനാർഥിക്ക് ലഭിച്ചതു കൊണ്ടാണ് ജയത്തിന്റെ അരികിലെത്താനായത്. ഏലംകുളത്തും വെട്ടത്തൂരിലും പഞ്ചായത്ത് അംഗങ്ങളുള്ള വെൽഫെയർ പാർട്ടിക്ക് 2016ൽ 1757 വോട്ടുകിട്ടി. 2021ൽ ഈ വോട്ട് യു.ഡി.എഫിനാണ് ലഭിച്ചത്. കോഴിക്കോട് ഉണ്ണികുളം സ്വദേശിയായ നജീബ് കാന്തപുരം 20 വർഷം ചന്ദ്രികയിൽ മാധ്യമപ്രവർത്തകനായിരുന്നു. അഞ്ചുവർഷം പെരിന്തൽമണ്ണയിൽ സ്ഥിരതാമസമാക്കി വ്യക്തികളെയും കുടുംബങ്ങളെയും കൂടുതൽ അടുത്തറിയാൻ ശ്രമം നടത്തിയിട്ടുണ്ട്.
പെരിന്തല്‍മണ്ണ കേന്ദ്രമായ മുദ്ര എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി, ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വിസസ് എന്നിവയുടെ ചെയര്‍മാനാണ്. ഇവയുടെ ഭാഗമായ ഒട്ടേറെ വിദ്യാഭ്യാസ സന്നദ്ധ പ്രവർത്തനങ്ങളും നടത്തി. ഇന്ത്യ എന്റെ രാജ്യം, പച്ച ഇലകൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2010ല്‍ ഉണ്ണികുളം പഞ്ചായത്തിലേക്കും 2015ല്‍ കോഴിക്കോട് ജില്ല പഞ്ചായത്തിലേക്കും മത്സരിച്ച് വിജയിച്ചു. പുലാമന്തോൾ ചെമ്മലശേരി സ്വദേശിയായ വി.പി. മുഹമ്മദ് ഹനീഫ 24ാം വയസിൽ പുലാമന്തോളിൽ പഞ്ചായത്ത് പ്രസിഡന്റായി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പേര് ലഭിച്ചയാളാണ്. 15 വർഷം പഞ്ചായത്ത് പ്രസിഡൻറായി പ്രവർത്തിച്ച പരിചയം. സന്നദ്ധ സേവന പ്രവർത്തന രംഗത്തും സി.പി.എം സംഘടന രംഗത്തും ഏറെ പരിചിതൻ. കുരുവമ്പലം ലോക്കൽ സെക്രട്ടറിയായും മങ്കട മണ്ഡലം ഡി.വൈ.എഫ്.ഐ ഭാരവാഹി ആയും പ്രവർത്തിച്ചു. പെരിന്തൽമണ്ണ അർബൻബാങ്ക് ചെയർമാനാണ്. പത്തുവർഷത്തെ സംസ്ഥാന സർക്കാറിന്റെ വികസനവും നേട്ടങ്ങളുമാണ് എൽ.ഡി.എഫിന് വിഷയം.
അഞ്ചുവർഷം ജനങ്ങൾക്കായി നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങളുടെ പ്രതികരണം അവരിൽനിന്ന് കാണുന്നുണ്ട്. അത്കൊണ്ട് തന്നെ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും.
നജീബ് കാന്തപുരം (യു.ഡി.എഫ് സ്ഥാനാർഥി)
അഞ്ചു വർഷം മണ്ഡലത്തിൽ എന്തെങ്കിലും വികസനം നടന്നോ എന്ന ചോദ്യം ജനങ്ങൾ ഉയർത്തുന്നുണ്ട്. സോഷ്യൽ മീഡിയ പ്രചാരണമല്ലാതെ ഒന്നും നടന്നില്ലെന്ന് ജനങ്ങളിലേക്ക് ഇറങ്ങിയപ്പോൾ ബോധ്യപ്പെടുകയും ചെയ്തു.
വി.പി. മുഹമ്മദ് ഹനീഫ (എൽ.ഡി.എഫ് സ്ഥാനാർഥി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

