ആനമങ്ങാട് പൂരത്തിനിടെ അടിപിടി നാലുപേർ അറസ്റ്റിൽ
text_fieldsജയരാജ്, ജിഷ്ണു, കൃഷ്ണകുമാർ, സുജിത്ത്
പെരിന്തൽമണ്ണ: ആനമങ്ങാട് പൂരാഘോഷത്തോടനുബന്ധിച്ച അക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ഈമാസം രണ്ട്, മൂന്ന് തീയതികളിൽ ക്ഷേത്രത്തിനുസമീപം നടന്ന അക്രമത്തിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് നാലുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
ആനമങ്ങാട് ചോലക്കൽ ജയരാജ് (31), ചിറ്റോടിയിൽ ജിഷ്ണു (26), ആനമങ്ങാട് വടക്കൻ സിറ്റി സ്വദേശി മാങ്ങമ്പറ്റ കൃഷ്ണകുമാർ (37), കാറൽമണ്ണ സ്വദേശി മുക്കിൽ സുജിത്ത് (21) എന്നിവരെയാണ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ അറസ്റ്റ് ചെയ്തത്. ഈമാസം രണ്ട്, മൂന്ന് തീയതികളിലാണ് കേസിനാസ്പദമായ സംഭവം.
രണ്ടിന് രാത്രി എട്ടരയോടെ പൂരത്തിനോടനുബന്ധിച്ച് മുഴന്നമണ്ണ ദേശക്കാരുടെ വേല വരവിൽ പങ്കെടുത്ത് വരുന്നവഴി ക്ഷേത്ര ഗ്രൗണ്ടിനു സമീപം പ്രതികൾ മുഴന്നമണ്ണ സ്വദേശി സ്വരൂപിനെ മർദിച്ചു. ഇതിന് പുറമെ മൂന്നാം തീയതി രാത്രി 11ന് മുഴന്നമണ്ണ സ്വദേശി അക്ഷയ്കുമാറിനെയും സുഹൃത്തിനെയും തടഞ്ഞുനിർത്തി മർദിച്ചു.
ആനമങ്ങാട് വേലക്കാരും മുഴന്നമണ്ണ ദേശവേലക്കാരും തമ്മിൽ മുമ്പ് സംഘർഷമുണ്ടായതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ പരാതിക്കാരെ മർദിച്ചത് എന്ന് പറയുന്നു. ഒളിവിൽ പോയ ജയരാജ്, ജിഷ്ണു എന്നിവരെ കോയമ്പത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മറ്റു പ്രതികളെ ആനമങ്ങാടുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുഖ്യപ്രതി ജയരാജിന്റെ പേരിൽ അഞ്ചോളം കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എസ്.ഐമാരായ അൻവർ സാദിഖ്, രാമചന്ദ്രൻ, എ.എസ്.ഐ രേഖ, ജിതിൻ മുട്ടുങ്ങൽ, സുധീഷ്, ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

