എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: രക്ഷിതാക്കളുടെ മൊഴിയെടുത്തു
text_fieldsപെരിന്തൽമണ്ണ: പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിതാവ് പെരിന്തൽമണ്ണ ചീരട്ടമണ്ണയിലെ ഹരീഷ് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പൊലീസ് വീട്ടിലെത്തി വെള്ളിയാഴ്ച വിശദമായ മൊഴി രേഖപ്പെടുത്തി. രണ്ടര മണിക്കൂറിലേറെ സമയമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. കേസിന്റെ അന്വേഷണച്ചുമതല പെരിന്തൽമണ്ണ എസ്.എച്ച്.ഒ സുമേഷ് സുധാകരനാണ്. അന്വേഷണം ഡിവൈ.എസ്.പി തലത്തിലേക്ക് കൈമാറാനുള്ള ആലോചനയുണ്ട്.
മരിച്ച കുട്ടിയുടെ രക്ഷിതാക്കൾ ഉന്നയിക്കുന്ന പരാതിൽ വസ്തുതകളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി അറിയിച്ചു. അതിനിടെ സ്കൂളിലെ ഏതാനും രക്ഷിതാക്കൾ സ്കൂൾ അധികൃതരിൽനിന്നുണ്ടായ ദുരനുഭവങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചു. സ്കൂളിലെ ഒരു വിദ്യാർഥി മരിച്ചിട്ട് ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കാനോ അനുശോചന കുറിപ്പിടാനോ സ്കൂൾ അധികൃതർ തയാറാവായില്ലെന്നാണ് ഇവരിൽ പലരുടെയും പരാതി. മോറൽ സ്റ്റഡീസ് പരീക്ഷ എഴുതിയ ഒരു കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് വീണ്ടും പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചതായും രക്ഷിതാക്കൾ പരാതിപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് എസ്.എഫ്.ഐ, എം.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകൾ മാർച്ച് നടത്തി. വിദ്യാർഥിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരങ്ങൾ. നവംബർ 28നാണ് തേജസിന്റെ രക്ഷിതാക്കൾ സ്കൂളിലെത്തി കുട്ടിയെ കുറിച്ച പരാതികൾ അന്വേഷിച്ചത്. മറ്റൊരു സ്കൂളിലേക്ക് ചേർക്കാൻ ടി.സി ചോദിച്ചെങ്കിലും മോറൽ പരീക്ഷ വിജയിച്ചാൽ ടി.സി നൽകാമെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് മറ്റൊരു സ്കൂളിലേക്ക് മാറാനായി മോറൽ പരീക്ഷ എഴുതി ജയിക്കാൻ തേജസ് കാര്യമായ ശ്രമം നടത്തി.
അതിന്റെ ഫലം വരുന്നതിന് തലേ രാത്രി വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. അതേസമയം രക്ഷിതാക്കൾ ഉന്നയിച്ച പരാതികൾ മിക്കതും സ്കൂളധികൃതർ നിഷേധിച്ചു. കുട്ടിയെ കൊണ്ട് മോറൽ പരീക്ഷ എഴുതിച്ചിട്ടില്ലെന്നും ഒമ്പതിലേക്ക് പ്രമോഷന് അർഹത നേടിയിരുന്നെന്നും വാർത്തകുറിപ്പിൽ അറിയിച്ചു. മേയ് രണ്ടിന് ശേഷം ടി.സി നൽകാമെന്ന് പറഞ്ഞിരുന്നെന്നും കുട്ടിയുടെ വിയോഗം എല്ലാവരെയും പോലെ തങ്ങളെയും ഏറെ സങ്കടപ്പെടുത്തിയെന്നും സ്കൂളധികൃതർ വാർത്തകുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

