ലഹരി, ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsനിസാമുദ്ദീൻ
പെരിന്തല്‍മണ്ണ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കഞ്ചാവ്, എം.ഡി.എം.എ എന്നിവ വിൽപന നടത്തുന്നതിലെ കണ്ണിയുമായ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അരക്കുപറമ്പ് മാട്ടറക്കല്‍ പിലാക്കാടന്‍ നിസാമുദ്ദീനെയാണ് (31) അറസ്റ്റ് ചെയ്തത്. എൻ.ഡി.പി.എസ് കേസില്‍ പ്രതിയായ നിസാമുദ്ദീന്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്കെതിരെ കത്തിയും വടിവാളും വീശി ആക്രമിക്കാന്‍ ശ്രമിക്കുകയും എസ്.ഐയുള്പ്പടെയുള്ളവരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതായി നേരത്തെ ഇയാൾക്കതിരെ കേസുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ ഒളിവില്‍ പോവുകയാണ് പതിവ്. പെരിന്തല്‍മണ്ണ സി.ഐ. എ. പ്രേംജിത്ത്, എസ്.ഐ. ഷിജോ സി. തങ്കച്ചന് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്.സി.പി.ഒ സക്കീർ മങ്കട, ഷിജു, സി.പി.ഒമാരായ ഷക്കീൽ, കൃഷ്ണപ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

