സി.പി.എം ഗൃഹസന്ദർശനം തുടങ്ങി
text_fieldsപെരിന്തൽമണ്ണ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടി മറികടക്കാനും ജനവിശ്വാസം ആർജിക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചതുപ്രകാരം സി.പി.എം പ്രതിനിധികൾ വീടുകൾ കയറിത്തുടങ്ങി. ഏലംകുളം പഞ്ചായത്തിൽ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും മുൻ എം.എൽ.എ വി. ശശികുമാറും ഏരിയ, ലോക്കൽ ഭാരവാഹികളോടൊപ്പം കാമ്പയിനിൽ പങ്കെടുത്ത് വീടുകൾ കയറി.
എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ 21ന് പെരിന്തൽമണ്ണയിൽ ഗൃഹസന്ദർശനത്തിനെത്തും. കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിന്റെ ജന്മദേശമായ ഏലംകുളത്ത് 2020ൽ നഷ്ടമായ ഭരണം ഇത്തവണ തിരികെ പിടിക്കുമെന്ന വിശ്വാസത്തിലായിരുന്നു പാർട്ടി. എന്നാൽ, ഏലംകുളത്തും പാരമ്പര്യമായി സി.പി.എം ഭരിച്ചുവന്ന പെരിന്തൽമണ്ണ നഗരസഭയിലും പ്രതീക്ഷിച്ചതുപോലെ സംഭവിച്ചില്ല.
ഇതിനകം നടന്ന അവലോകനങ്ങളിലും പരിശോധനകളിലും ഇവിടങ്ങളിലടക്കം പാർട്ടിക്ക് ലഭ്യമാവേണ്ടിയിരുന്ന വോട്ട് വൻതോതിൽ നഷ്ടമായെന്നാണ് കണ്ടെത്തിയത്. അത്തരം മേഖലകളിൽ സി.പി.എം അനുഭാവികളുടെ വിശ്വാസമാർജിക്കാനും തെറ്റിദ്ധാരണ നീക്കാനും ഗൃഹസന്ദർശനം ഉപയോഗപ്പെടുത്തും. 15 മുതൽ 22 വരെ തീയതികളിലായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലും സന്ദർശനം നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

