പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് നിർമിക്കൽ; പഴയ കെട്ടിടം പൊളിക്കൽ ത്രിശങ്കുവിൽ
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് നിർമിക്കാൻ 1,04,41,917 രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയുമായിട്ടും നിർമിക്കാനുള്ള സ്ഥലത്തെ പഴയ കെട്ടിടം പൊളിക്കാൻ അനുമതി സാങ്കേതിക കുരുക്കിൽ. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴിയാണ് പദ്ധതി അനുവദിച്ച് കിട്ടിയത്.
കേരള ഹെൽത്ത് റിസർച് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) പഴയ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചിട്ട് 10 വർഷമായി. പുതിയ ഒ.പി ബ്ലോക്ക് പണിയാൻ 1.04 കോടിയുടെ ഫണ്ട് കിട്ടിയതോടെ കാലഹരണപ്പെട്ട കെട്ടിടം പൊളിക്കാൻ സൊസൈറ്റിക്ക് ആശുപത്രി അധികൃതർ കത്തെഴുതി അനുമതി തേടിയതോടെ ഒരിക്കലും നടപ്പാവാത്ത വ്യവസ്ഥകൾ നിരത്തുകയാണ്. ആശുപത്രി വളപ്പിൽ 10 സെന്‍റ് സ്ഥലം സൊസൈറ്റിക്ക് നൽകണമെന്നും അതിൽ കെട്ടിടം നിർമിച്ചുനൽകണമെന്നും ആവശ്യപ്പെട്ടുണ്ട്. പൊളിക്കാൻ അനുമതി നൽകി ആഴ്ചകൾ മുമ്പ് ആരോഗ്യ ഡയറക്ടർ ഡി.എം.ഒക്കും സൊസൈറ്റിക്കും ഉത്തരവ് നൽകിയെങ്കിലും ആര് പണം മുടക്കി പൊളിക്കും എന്ന സംശയത്തിലായിരുന്നു.
ഗവ. സെക്രട്ടറി ഇറക്കേണ്ട ഉത്തരവാണ് ഡയറക്ടർ ഇറക്കിയത്. കെട്ടിടം പൊളിക്കരുതെന്നും പുതിയ തീരുമാനം വരും എന്നുമാണ് ഇപ്പോൾ വന്ന നിർദേശം. ജില്ല പഞ്ചായത്തിന് വിട്ടുകിട്ടിയ ആശുപത്രിയിൽ ഇത്തരത്തിൽ അനിശ്ചിതത്വം നിലനിന്നിട്ടും ഫലപ്രദമായി പരിഹരിക്കാൻ ജില്ല പഞ്ചായത്ത് വേണ്ട താൽപര്യം എടുക്കുന്നുമില്ല. കെട്ടിടം പൊളിക്കാൻ ഡി.എം.ഒ ആശുപത്രി അധികൃതർക്ക് ചൊവ്വാഴ്ച നിർദേശം നൽകിയെങ്കിലും രേഖാമൂലം നൽകാത്തതിനാൽ നടപടി എടുത്തിട്ടുമില്ല.
സൊസൈറ്റിയുടെ വരുമാനം കുറയുമെന്നതിനാലാണ് അനുമതി നൽകാത്തത്. ഇവിടെയുള്ള ജീവനക്കാർക്ക് ആശുപത്രിയിൽ തൊഴിൽ നൽകണമെന്ന ഉപാധിയും നേരത്തേ വെച്ചിട്ടുണ്ട്. ഒരാൾ മാത്രമാണ് ജില്ല ആശുപത്രിയിൽ കെ.എച്ച്.ആർ.ഡബ്ല്യൂ.എസിൽ സേവനം ചെയ്യുന്നത്. നിലവിൽ രണ്ടു നിലകളുള്ള ചെറിയ കെട്ടിടത്തിൽ ഞെങ്ങിഞെരുങ്ങിയാണ് ആശുപത്രിയിൽ പത്തോളം ഒ.പി നടത്തുന്നത്. പുതിയ ബ്ലോക്ക് വരുന്നതോടെ ഈ പ്രയാസം തീരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

