സി.ബി.എസ്.ഇ അധ്യാപക കലോത്സവം; കോട്ടക്കൽ സേക്രഡ് ഹാർട്ടിന് കിരീടം
text_fieldsസി.ബി.എസ്.ഇ അധ്യാപക കലോത്സവത്തിൽ തിരുവാതിരക്കളി ഒന്നാം സ്ഥാനം നേടിയ ജി. ബീനയും സംഘവും (ഗുഡ്വിൽ ഇംഗീഷ് സ്കൂൾ, പൂക്കോട്ടുംപാടം)
പെരിന്തൽമണ്ണ: മലപ്പുറം സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി പ്രഥമ കലോത്സവം പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂളിൽ നടത്തി. സി.ബി.എസ്.ഇ മേഖലയിൽ ആദ്യമായാണ് അധ്യാപക കലോത്സവം. എട്ടു വേദികളിലായി നടന്ന മത്സരത്തിൽ 62 വിദ്യാലയങ്ങളിൽനിന്ന് 500 അധ്യാപകർ 27 ഇനങ്ങളിൽ മാറ്റുരച്ചു. 27 ടീമാണ് സംഘനൃത്തത്തിന് മാത്രമെത്തിയത്. കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ 200 പോയന്റ് നേടി ഓവറോൾ കിരീടം നേടി. പീസ് പബ്ലിക് സ്കൂൾ രണ്ടും ബെഞ്ച് മാർക്ക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. 14 സ്കൂളിൽനിന്ന് അധ്യാപികമാരുടെ ഒപ്പന സംഘവും എത്തി. ഡോ. ഗിരീഷ് രാജ് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ഹരിദാസ്, ട്രഷറർ എം. ജൗഹർ, ജനറൽ കൺവീനർ ഫാ. നന്നം പ്രേംകുമാർ, ഭാരവാഹികളായ നിർമല ചന്ദ്രൻ, പി.നിസാർഖാൻ, പി. മുഹമ്മദ് ബഷീർ, സോണി ജോസ്, സിസ്റ്റർ ആൻസില, ഗോപകുമാർ, വിനിത വി. നായർ എന്നിവർ സംസാരിച്ചു.