കുരുക്കായി അങ്ങാടിപ്പുറം മേൽപാലം; ആംബുലൻസിന് മുന്നിലോടി വഴിയൊരുക്കി ഷിയാസ്
text_fields1. അങ്ങാടിപ്പുറം മേൽപാലത്തിൽ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കുന്ന ഷിയാസ് 2. ആംബുലൻസ് ഓടിച്ച റിയാസും വഴിയൊരുക്കിയ ഷിയാസും
പെരിന്തൽമണ്ണ: ആശുപത്രി ലക്ഷ്യമാക്കി കുതിക്കുന്ന ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ പെടുന്നത് അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്തെ പതിവ് കാഴ്ചയാണ്. എന്നാൽ, ആംബുലൻസിന് മുന്നിൽ ഓടി റോഡിലെ തിരക്ക് മാറ്റുന്ന കാഴ്ചക്കാണ് വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്.
മണ്ണാർക്കാട്ടുനിന്ന് അത്യാസന്ന നിലയിലുള്ള മൂന്നു വയസ്സുകാരനെയും കൊണ്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ച ആംബുലൻസിനാണ് അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് തടസ്സമായത്. ആംബുലൻസ് ഓടിച്ചിരുന്ന റിയാസിനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവർ മണ്ണാർക്കാട് സ്വദേശി ഷിയാസാണ് തിരക്ക് കണ്ട് ഇറങ്ങി ഗതാഗതം നിയന്ത്രിച്ച് വഴിയൊരുക്കിയത്. മേൽപാലത്തിലേക്ക് കയറിയ പാടേ വാഹനക്കുരുക്കായിരുന്നു. മേൽപാലത്തിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് മുന്നോട്ട് പോവാനാവാത്ത സ്ഥിതിയായിരുന്നുവെന്ന് പിന്നീട് ഷിയാസ് പറഞ്ഞു. അങ്ങാടിപ്പുറത്ത് 15 മിനിറ്റ് നഷ്ടമായി. 2.25ന് മണ്ണാർക്കാട്ടുനിന്ന് പുറപ്പെട്ട വാഹനം കോഴിക്കോട്ട് എത്തിയത് 4.15 നാണെന്നും ഷിയാസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മുതൽ അങ്ങാടിപ്പുറത്ത് രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. മേൽപാലം ഇറങ്ങുന്ന ഭാഗത്ത് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതാണ് കുരുക്ക് രൂക്ഷമാകാൻ കാരണം.

