മലയോരവാസികൾ ഭീതിയിൽ
text_fieldsതിരച്ചിൽ ഭൗത്യത്തിലേർപ്പെട്ട ദ്രുതകർമ സേന
എടക്കര: വന്യ മൃഗങ്ങളുടെ സാന്നിധ്യം മലയോരവാസികളെ ഭീതിയിലാക്കുന്നു. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പോത്തുകല്‍, എടക്കര, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലെ ആന, കടുവ, പുലി, പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
വഴിക്കടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടതായാണ് ഏറ്റവുമൊടുവിലെ വിവരം. മരുത ഇരൂള്‍കുന്ന്, വഴിക്കടവ് ആനമറി എന്നിവിടങ്ങളിലാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. ആനമറി വനം ചെക്കുപോസ്റ്റിന് മുകളിലായി ശനിയാഴ്ച രാവിലെയാണ് ബംഗാള്‍ സ്വദേശിയായ യുവാവ് ചീറ്റ പുലിയെ കണ്ടതായി വിവരം പറഞ്ഞത്. ഉടന്‍തന്നെ നെല്ലിക്കുത്ത് വനം സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആർ. രാജേഷ് സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയെയാണ് ബംഗാള്‍ സ്വദേശി കണ്ടതെന്നാണ് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്.
പുലിയുടേതെന്ന് കരുതുന്ന കാല്പാടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. മരുത ഇരൂള്കുന്നില് കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പ്രദേശവാസി അറിയിച്ചിരുന്നു. ചക്കക്കാലമായതിനാല് കാട്ടാനകളുടെയും, കാട്ടുപന്നികളുടെയും ശല്യം വനയോര മേഖലകളില്‍ നിലനില്‍ക്കുന്നുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്താന്‍ നെല്ലിക്കുത്ത് വനം ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ പോത്തുകല്‍ ഭൂദാനം ചെമ്പ്ര കോളനി നിവാസികള്‍ കവളപ്പാറ കുന്നിന് മുകളില്‍ വനത്തില്‍ കടുവയെ കണ്ടതായി പറയുന്നു.
വനത്തില്‍ തേനെടുക്കാന്‍ പോയ ആദിവാസികളാണ് കടുവയെ കണ്ടതായി പറയുന്നത്. എന്നാല്‍ ഇക്കാര്യം കാഞ്ഞിരപ്പുഴ വനം ഉദ്യോഗസ്ഥര്‍ സ്ഥരീകരിക്കുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച എടക്കര പഞ്ചായത്തിലെ മണക്കാട് പാണ്ടിപ്പുഴ പാലത്തിന് സമീപം റോഡ് മുറിച്ച് കടക്കുകയായിരുന്ന പുലിയെ വെളുമ്പിയംപാടം സ്വദേശിയായ ഓട്ടോ ഡ്രൈവറും യാത്രക്കാരും കണ്ടിരുന്നു. പോത്തുകൽ ടൗണിന് അടുത്തുള്ള പന്നിച്ചാൽ ഗ്രൗണ്ടിന് സമീപവും ദിവസങ്ങൾക്ക് മുമ്പ് നാട്ടുകാരിൽ ചിലർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു.
തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം നൽകണമെന്ന്
കാളികാവ്: കടുവ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടതോടെ അടക്കാകുണ്ടിലെ ടാപ്പിങ് തൊഴിലാളികൾ ഭയം കാരണം ജോലിക്ക് പോവുന്നില്ലെന്ന് കർഷക കോൺഗ്രസ് ജില്ല ഭാരവാഹി വി. ഹാഫിസ്, മുഹമ്മദ് ഇബ്രാഹിം, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അവറച്ചൻ എന്നിവർ പറഞ്ഞു. മേഖലയിലെ ഇടത്തരം കർഷകർ വളരെ ദുരിതത്തിലാണ്. ടാപ്പിങ് തുടങ്ങുന്ന ഈ വേളയിൽ മിക്ക കർഷകർക്കും ജോലിക്ക് പോകാനാകുന്നില്ല. ചെരുകുളമ്പ്, പാറശ്ശേരി 70 ഏക്കർ എന്നീ സ്ഥലങ്ങളിലെ ഇടത്തരം കർഷകർക്ക് ഇടക്കാല ആശ്വാസം നൽകണമെന്നും കടുവയെ വേഗം പിടിക്കണമെന്നും കർഷക കോൺഗ്രസ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
കരുവാരകുണ്ടിൽ 23ന് പ്രതിഷേധ മതിൽ
കരുവാരകുണ്ട്: കടുവ അടക്കമുള്ള വന്യജീവികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും നിസ്സംഗത പുലർത്തുന്ന വനം ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ കരുവാരകുണ്ടിൽ പ്രതിഷേധ മതിലൊരുക്കും. കടുവ ആക്രമണത്തിൽ അടക്കാക്കുണ്ടിൽ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് വിളിച്ച സർവകക്ഷി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാർച്ച് 10 ന് കേരള എസ്റ്റേറ്റിൽ ജനവാസ കേന്ദ്രത്തിന് സമീപം കടുവയെ കണ്ടിട്ടും വനംവകുപ്പ് അനങ്ങിയിരുന്നില്ല.
23ന് ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ കിഴക്കേത്തല ബസ് സ്റ്റാൻഡ് വരെയാണ് മതിലൊരുങ്ങുക. തോക്ക് ലൈസൻസുള്ളവരുടെ യോഗം വിളിക്കാനും വനാതിർത്തികളിലെ കാട് വെട്ടിത്തെളിക്കാനും യോഗം തീരുമാനിച്ചു. വേനൽക്കാലത്ത് വനത്തിനകത്ത് കുളങ്ങൾ നിർമിക്കുന്ന കാര്യവും പരിഗണിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമ്മു യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഉമ്മർ, അംഗം നുഹ്മാൻ പാറമ്മൽ, സൈലന്റ് വാലി കരുതൽ മേഖല റെയ്ഞ്ചർ വി.എസ്. വിഷ്ണു, വിവിധ പാർട്ടി നേതാക്കളായ കെ.കെ. ജയിംസ്, കെ. ഗോപാലകൃഷ്ണൻ, മാനുവൽ കുട്ടി, ഒ.പി. ഇസ്മായിൽ, വി. ശബീറലി എന്നിവർ സംസാരിച്ചു.
വന്യജീവി ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് കരുവാരകുണ്ടിൽ ചേർന്ന സർവകക്ഷി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമ്മു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

